കോട്ടയം:ഓടിക്കൊണ്ടിക്കിരിക്കുന്ന ബസ്സില്‍ യുവതിക്കു നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ യാത്രക്കാര്‍ ഓടിച്ചിട്ടു പിടികൂടി. തണ്ണീര്‍മുക്കം സ്വദേശി ഹരിദാസ് (48) ആണ് പിടിയിലായത്. ചേര്‍ത്തല -കോട്ടയം റൂട്ടിലോടുന്ന ബസ്സിലായിരുന്നു സംഭവം. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരം ബസ്സിലെ മറ്റൊരു യാത്രക്കാരിയെ ഇയാള്‍ മുണ്ടുപൊക്കി കാണിക്കുകയായിരുന്നു. യുവതി സംഭവം കണ്ടക്ടറെ അറിയിച്ചതോടെ ഇല്ലിക്കല്‍ ഇറങ്ങാന്‍ ടിക്കറ്റെടുത്ത ഇയാളെ അതിനനുവദിക്കാതെ മറ്റു യാത്രക്കാരുടെ സഹായത്തോടെ കോട്ടയം പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടു പോയി. എന്നാല്‍ ചാലുകുന്ന് എത്തിയപ്പോള്‍ ബ്ലോക്കിനിടെ ഇയാള്‍ ബസ്സില്‍ നിന്നിറങ്ങി ഓടി. 

കോളേജ് ഗേറ്റ് ചാടി കടക്കാന്‍ ശ്രമിക്കുന്നതിനിടെ കമ്പി കഴുത്തില്‍കൊണ്ടു പരിക്കേല്‍ക്കേറ്റു. ഇയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിലേല്‍പ്പിച്ചു. പോലീസ് ഹരിദാസിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കഴുത്തിന് സാരമായി പരിക്കേറ്റിട്ടുള്ള ഇയാള്‍ സുഖം പ്രാപിക്കുന്നതോടെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.