ബെംഗളൂരു: കർണാടക നിയമസഭാ സെക്രട്ടറി വനിതാ ജീവനക്കാരെ ലൈംഗികമായി അധിക്ഷേപിച്ചെന്ന് ആരോപണം. വിനാദയാത്രയിൽ ഒപ്പം പോകാൻ ആവശ്യപ്പെട്ടെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചുമെന്നാണ് പരാതി. പരാതി നൽകി ഒരു ദിവസം കഴിഞ്ഞിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. വിധാൻ സൗധ സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന എസ് മൂർത്തിക്കെതിരെയാണ് ആരോപണം. 

സെക്രട്ടറിയേറ്റിലെ തന്നെ സഹപ്രവർത്തകരാണ് പരാതിക്കാർ. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും അശ്ലീല ആംഗ്യങ്ങൾ കാണിച്ചെന്നും അധിക്ഷേപിച്ചെന്നുമാണ് എസ് മൂർത്തിക്ക് എതിരെയുളള ആരോപണം. ജീവനക്കാരികൾക്ക് വേണ്ടി അഭിഭാഷക സുധ കത്വ വിധാൻ സൗധ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജീവനക്കാരികളെ ഗോവയ്ക്ക് പോകാൻ ക്ഷണിച്ചെന്നും വസ്ത്രധാരണത്തെക്കുറിച്ചടക്കം മോശം പരാമർശം നടത്തിയെന്നും പരാതിയിലുണ്ട്.

വിധാൻ സൗധ സെക്രട്ടറിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് പേഴ്സണൽ വകുപ്പ് സെക്രട്ടറി പല്ലവി അകൃതി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ടു നൽകി. മൂർത്തിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഇതിലുണ്ടെന്നാണ് സൂചന. വിധാൻ സൗധ സ്റ്റേഷനിൽ പരാതി നൽകി 24 മണിക്കൂർ കഴിഞ്ഞിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും ആരോപണമുണ്ട്. ലൈംഗികാധിക്ഷേപം ഉണ്ടായിട്ടും നാണക്കേട് ഭയന്ന് വനിതാ ജീവനക്കാർ പരാതി നൽകാൻ മടിച്ചിരുന്നു.

എന്നാൽ ആരോപണങ്ങൾ വിധാൻ സൗധ സെക്രട്ടറി നിഷേധിച്ചു.താൻ ദളിതനായതുകൊണ്ട് വ്യക്തിപരമായി ആക്രമിക്കുകയാണെന്നും ചിലരുടെ വൈരാഗ്യമാണ് പിന്നിലെന്നും എസ് മൂർത്തി പറഞ്ഞു. വനിതാ ജീവനക്കാർ നേരിട്ട് പരാതി നൽകാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.