''വൈകിട്ട് നാലുമണിക്ക് കൊണ്ടുപോയാൽ പിറ്റേന്ന് വെളുപ്പിനെയാണ് അവരെ തിരികെയെത്തിക്കുന്നത്. ദീദി രാവിലെ ഒന്നും മിണ്ടാറില്ല. അവളുടെ കണ്ണുകൾ കരഞ്ഞ് വീർത്തതു പോലെയുണ്ടാകും.''


''എല്ലാദിവസവും മാഡം ഇവരെ ഇവിടെ നിന്നും കൊണ്ടുപോകും. വെള്ളയോ ചുവപ്പോ കറുപ്പോ നിറമുള്ള കാറുകളാണ് അവരെ കൊണ്ടുപോകാൻ വരുന്നത്. വൈകിട്ട് നാലുമണിക്ക് കൊണ്ടുപോയാൽ പിറ്റേന്ന് വെളുപ്പിനെയാണ് അവരെ തിരികെയെത്തിക്കുന്നത്. ദീദി രാവിലെ ഒന്നും മിണ്ടാറില്ല. അവളുടെ കണ്ണുകൾ കരഞ്ഞ് വീർത്തതു പോലെയുണ്ടാകും.'' ഉത്തർ പ്രദേശിലെ അഭയകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട പത്തുവയസ്സുകാരി പെൺകുട്ടി പൊലീസിനോട് പറഞ്ഞ വാക്കുകളാണിത്. മുസാഫിർപൂർ അഭയകേന്ദ്രത്തിലെ പീഡനത്തിന് ശേഷം മനസാക്ഷിയെ ഞെട്ടിച്ച മറ്റൊരു സംഭവമാണ് ഉത്തർപ്രദേശിലേത്. 

ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പെൺകുട്ടികൾക്കായി നടത്തിയിരുന്ന ഈ അഭയകേന്ദ്രത്തിലെ പീഡന പരമ്പരകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മോഹൻ ത്രിപാഠി, ഭാര്യ ​ഗിരിജ, മകൾ എന്നീ മൂന്നുപേരായിരുന്നു ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാർ. ഇവിടെ നിന്ന് രക്ഷപ്പെട്ട പത്തുവയസ്സുകാരി പെൺകുട്ടിയാണ് സംഭവം പുറംലോകത്തെത്തിച്ചത്. ഇവിടെ നിന്ന് പതിനെട്ട് പെൺകുട്ടികളെ കാണാതായിരുന്നു. ഇരുപത്തിനാല് പെൺകുട്ടികളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയതായി പൊലീസ് സൂപ്രണ്ട് രോഹൻ‌ പി. കാനായ് അറിയിച്ചു. നാൽപത്തിരണ്ട് പെൺകുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോഴും കാണാതായ പതിനെട്ട് പേരെ കണ്ടെത്തിയിട്ടില്ല. അന്വേഷണവിധേയമായി അഭയ കേന്ദ്രം അടച്ചുപൂട്ടി സീൽചെയ്തായി പൊലീസ് അധികൃതർ അറിയിച്ചു. 

പതിനഞ്ചിനും പതിനെട്ടിനും പ്രായത്തിനിടയിലുള്ളവരാണ് ഇവിടത്തെ അന്തേവാസികൾ. ഇവിടെനിന്ന് രാത്രികാലങ്ങളിലാണ് പെൺകുട്ടികളെ പുറത്തേയ്ക്ക് കൊണ്ടു പോയിക്കൊണ്ടിരുന്നത്. പിറ്റേന്ന് രാവിലെ തിരികെയെത്തിക്കുന്ന കുട്ടികൾ പകൽ മുഴുവൻ കരച്ചിലായിരിക്കും. അഭയകേന്ദ്രത്തിനുള്ളിലും ശാരീരിക ലൈം​ഗിക പീഡനങ്ങളാണ് ഇവർ നേരിട്ടു കൊണ്ടിരുന്നത്. അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി ഇവർക്കുള്ള ധനസഹായങ്ങൾ സർക്കാർ നിർത്തലാക്കിയിരുന്നു. ഇവർക്കെതിരെ കേസും നിലനിൽക്കുന്നുണ്ട്. എന്നാൽ പൂട്ടാനുള്ള നിർദ്ദേശം ലഭിച്ചിട്ടും ഇത് അനധികൃതമായി പ്രവർത്തിക്കുകയായിരുന്നു. ബീഹാറിലെ അഭയകേന്ദ്രത്തിൽ മുപ്പതിലേറെ പെൺകുട്ടികളായിരുന്നു പീഡനത്തിനിരകളായത്.