കരുവളത്തെ ഷമീറി(28)നെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ തീയേറ്ററില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം. സിനിമയുടെ ഇടവേളയില്‍ ബാത്ത് റൂമില്‍ വച്ച് പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമം. പെണ്‍കുട്ടി നിലവിളിച്ചതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സിസിടിവി സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടി. കരുവളത്തെ ഷമീറി(28)നെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. 

മാതാപിതാക്കൾക്കൊപ്പം കാഞ്ഞങ്ങാട്ടെ തിയറ്ററിലെത്തിയ പെൺകുട്ടി ഇടവേള സമയത്ത് ബാത്ത്റൂമിലെത്തിയപ്പോഴാണ് ഷമീർ മൊബൈൽ ഫോൺ കാമറയിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. പെൺകുട്ടി നിലവിളിച്ചതോടെ ഷമീർ തിയറ്ററിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതി രക്ഷപ്പെട്ട കാറിന്‍റെ നമ്പർ കണ്ടെത്തി. കാറിന്‍റെ നമ്പറില്‍ നടത്തിയ അന്വേഷണമാണ് ഷമീറിന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. 

എടപ്പാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീയറ്റര്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പാലക്കാട് തൃത്താല സ്വദേശി മൊയ്തീൻ കുട്ടിക്കെതിരെയും കേസ് വൈകിപ്പിച്ചകാരണത്തില്‍ എസ്ഐക്കെതിരെയും പോസ്കോ കേസ് ചുമത്തിയിരുന്നു. ഈ കേസില്‍ ചൈൽഡ് ലൈൻ പ്രവർത്തകർ ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും കേസെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് തയ്യാറാകാതിരുന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ മാത്രമാണ് അന്ന് അറസ്റ്റുണ്ടായത്. ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു.