ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരായ പീഡനപരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി.

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. താൻ നൽകിയ ലൈം​ഗിക പീഡനപരാതിയെ കൃഷ്ണകുമാർ കുടുംബപ്രശ്നമാക്കി ചിത്രീകരിക്കുന്നതായും പരാതിക്കാരി ആരോപിച്ചു. പോലീസ് നേരത്തെ കൃത്യമായി അന്വേഷണം നടത്തിയില്ല. കൃഷ്ണകുമാറിന് അനുകൂലമായാണ് റിപ്പോർട്ട് നൽകിയതെന്നും രാഷ്ട്രീയ സ്വാധീനം പൊലീസിന് മേലുണ്ടായി എന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

കൃഷ്ണകുമാറിന്‍റെ മർദ്ദനത്തിൽ തനിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അന്ന് ചികിത്സാ സഹായം നൽകിയത് സുരേഷ് ഗോപിയാണെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു. കൃഷ്ണകുമാറിനെതിരെ പുതിയ ആരോപണവും ഉയർന്നിട്ടുണ്ട്. പാലക്കാട് നഗരസഭയിലെ ഉദ്യോഗസ്ഥയോടും മോശമായി പെരുമാറിയിട്ടുണ്ട്. ആ ഉദ്യോഗസ്ഥയെ പിന്നീട് സ്ഥലം മാറ്റി കേസ് ഒതുക്കി. ലൈംഗിക പീഡന പരാതിയിൽ ശോഭ സുരേന്ദ്രൻ ഇടപെടണമെന്നും യുവതി ആവശ്യപ്പെടുന്നു. മാധ്യമങ്ങൾക്ക് നൽകിയ കത്തിലാണ് പരാതിക്കാരി ആരോപണങ്ങളും വ്യക്തമാക്കിയത്.

സ്വത്ത് തർക്ക കേസിന് ബലം കിട്ടാനാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ചതെന്നാണ് വിഷയത്തിൽ സി കൃഷ്ണകുമാര്‍ പ്രതികരിച്ചത്. രണ്ട് കേസുകളാണ് തനിക്കെതിരെ പരാതിക്കാരി ഉയര്‍ത്തിയത്. സ്വത്ത് തർക്കത്തിലും ലൈംഗിക പീഡന പരാതിയിലും നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2023 ൽ സ്വത്ത് തർക്ക കേസിൽ അനുകൂല ഉത്തരവ് വന്നു. പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നും സി കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏത് തരം അന്വേഷണത്തിനും തയ്യാറാണെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ വിശദീകരണം ചോദിച്ചാൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിന് സന്ദീപ് വാര്യരെ കുറിച്ച് അറിയില്ലെന്ന് തോന്നുന്നുവെന്നും ആയിരുന്നു കൃഷ്ണകുമാറിന്‍റെ പരിഹാസം.

Asianet News Live | Malayalam News Live | Onam 2025 | Latest Kerala Updates | Live Breaking News