തിരുവനന്തപുരം: അധികാര ദുർവിനിയോഗത്തിനൊപ്പം  ലൈഗിംക ചൂഷണവും വിശദമായി പറയുന്നുണ്ട് ജുഡീഷ്യൽ റിപ്പോർട്ട്. ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ പുറത്തുവിട്ട , സരിത എസ് നായരുടെ കത്ത്, കമ്മീഷൻ, റിപ്പോ‍ട്ടിൻറെ ഭാഗമാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും ആര്യാടനുമടക്കം പത്ത് പേരാണ് ആരോപണവിധേയർ.

സരിത  2013 ജൂലൈ 19ന് എഴുതിയ കത്തിൽ നിന്നാണ് മുൻ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും നടത്തിയ ലൈംഗിക ചൂഷണത്തെ കുറിച്ചുള്ള നിഗമനത്തിലേക്ക് കമ്മീഷൻ എത്തുന്നത്. ലൈംഗിക ചൂഷണത്തിൻറെ തെളിവുകള്‍ പുറത്തുവിടാതിരിക്കാൻ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ ഇടപെടലിന്റെ ഡിജിറ്റൽ തെളിവുകളും കമ്മീഷൻ പരിശോധിച്ചു. സോളാർ പദ്ധതി നടപ്പാക്കാനും നയം സഹായകരമാക്കാനുമായാണ് മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും  കണ്ടതെന്നാണ് സരിതയുടെ മൊഴി. ഈ പരിചയത്തിലൂടെ പല കാര്യങ്ങള്‍ക്കും ഇടനിലക്കാരിയാക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നും  കമ്മീഷൻ നിഗമനമുണ്ട്.

ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ്, എ.പി.അനിൽകുമാ‍ർ, അടൂർ പ്രകാശ്, കെ.സി.വേണുഗോപാൽ, മുൻ കേന്ദ്രമന്ത്രി പളനി മാണിക്യം,  കെപിസിസി ജനറൽ സെക്രട്ടറി എൻ.സുബ്രമണ്യൻ, ഹൈബി ഈഡൻ, എഡിജിപി പത്മകുമാ‍ർ എന്നിവർക്കെതിരെയാണ് ലൈംഗികാരോപണം..  ഐജി അജിത്കുമാറും, പി.സി.വിഷ്ണുനാഥും ഫോണിൽ വിളിച്ച് ലൈഗിംക ചുവയോടെ സംസാരിച്ചുവെന്നും പറയുന്നു. പൊതുപ്രവർത്തകരുടെയും അധികാര കേന്ദ്രങ്ങളിലുള്ളവരുടെ ലൈംഗിക ചൂഷണം അഴിമതിയായി കണക്കാക്കി കേസെടുക്കണമെന്നാണ് ശുപാ‍ർശ. അധികാരദുർവ്വിനിയോഗവും അഴിമതിയും ലൈംഗിക ചൂഷണവും കെട്ടുപിണഞ്ഞുകിടക്കുന്നു എന്നാണ് കമ്മീഷന്റെ നിഗമനം. ബലാത്സംഗത്തിന് കേസെടുക്കണമെന്ന് പ്രത്യേകമായി പറയുന്നില്ല. ആദ്യം ലൈംഗികാതിക്രമത്തിന് ക്രിമിനൽ കേസെടുക്കണമെന്ന നിയമോപദേശം കിട്ടിയ മുഖ്യമന്ത്രി , ജസ്റ്റിസ് അറിജിത് പസായത്തിന്റെ നിയമോപദേശം കിട്ടിയതോടെ പൊതു അന്വേഷണം എന്ന് നിലപാടിലേക്ക് മാറി .

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും സത്യവിരുദ്ധമാണെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ഇത്തരം ഒരു ആരോപണം മുന്‍പ് ഉയര്‍ന്നപ്പോള്‍ തന്നെ ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ ഡി.ജി.പിക്ക് നേരിട്ട് പരാതി നല്‍കുകയും അന്വേഷണം സംബന്ധിച്ച എന്റെ ആവശ്യം മാധ്യമങ്ങള്‍ വഴി പൊതുസമൂഹത്തെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത് സംബന്ധിച്ച അന്വേഷണം വേണം എന്ന ആവശ്യക്കാരനാണ് ഞാന്‍. അതുകൊണ്ടു തന്നെ ഇക്കാര്യത്തിലുള്ള അന്വേഷണത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നതായും എം.പി പറഞ്ഞു.

റിപ്പോര്‍ട്ടിലെ സുപ്രധാന കണ്ടെത്തലുകള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക