ഇടുക്കി: തൊടുപുഴയിലെ പ്രമുഖ കോളേജിന്റെ ശുചിമുറിയിൽ വെച്ച് മാനസികവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിലായി. ഉണ്ടപ്ലാവ് സ്വദേശി കൊമ്പനാപറമ്പിൽ നിഷാദാണ് പിടിയിലായത്.
മാതാപിതാക്കൾ ഉപേക്ഷിച്ച, മാനസികവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പത്താംക്ലാസ് തുല്യതാ പരീക്ഷക്കുള്ള ക്ലാസിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴയിൽ പത്താംക്ലാസ് തുല്യതാ പരീക്ഷക്കുള്ള ക്ലാസിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന പെൺകുട്ടി ബസ് സ്റ്റാന്റിലേക്ക് പോകാൻ നിഷാദിന്റെ ഓട്ടോറിക്ഷയിൽ കയറി. പ്രൈവറ്റ് സ്റ്റാന്റിലേക്ക് പോകാതെ നഗരത്തിലെ പ്രമുഖ കോളേജിന്റെ ക്യാന്പസിലേക്കാണ് നിഷാദ് പോയത്. ഞായറാഴ്ചയായതിനാൽ കോളേജിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് പെൺകുട്ടിയെ കോളേജിന്റെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.
തൊടുപുഴയിലെ അനാഥാലയത്തിലെ അന്തേവാസിയാണ് പെൺകുട്ടി. അനാഥാലയത്തിന്റെ നടത്തിപ്പുകാരോടാണ് താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കാര്യം പെൺകുട്ടി പറയുന്നത്. തുടർന്ന് തൊടുപുഴ പൊലീസിൽ പരാതി നൽകി. ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ നൽകിയ സൂചനകളനുസരിച്ചാണ് പ്രതിയെ പിടികൂടിയത്. വിവാഹിതനായ നിഷാദ് രണ്ട് കുട്ടികളുടെ പിതാവുമാണ്.
