ജിഷ്ണു പ്രണോയി കേസിൽ നെഹ്റു കോളേജ് മാനേജ്‌മെന്‍റിന് എതിരെ മൊഴി നൽകിയ വിദ്യാർഥികളെ പരീക്ഷയിൽ തോൽപ്പിച്ചതിന് ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം.

തൃശ്ശൂര്‍: ജിഷ്ണു പ്രണോയി കേസിൽ നെഹ്റു കോളേജ് മാനേജ്‌മെന്‍റിന് എതിരെ മൊഴി നൽകിയ വിദ്യാർഥികളെ പരീക്ഷയിൽ തോൽപ്പിച്ചതിന് ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം. ഇതിന് ആരോഗ്യ സർവകലാശാല തയ്യാറായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് എസ്എഫ്ഐയുടെ തീരുമാനം. വിദ്യാർത്ഥികളെ പരാജപ്പെടുത്തിയത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

ജിഷ്ണു പ്രണോയ് കേസില്‍ മാനേജ്മെന്‍റിനെതിരെ മൊഴി നല്‍കിയ ഡി ഫാം വിദ്യാര്‍ത്ഥികളായ അതുല്‍, വസീം ഷാ, മുഹമ്മദ് ആഷിക് എന്നിവരെയാണ് പ്രാക്ടികല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചത്. തുടര്‍ച്ചയായി രണ്ട് വട്ടം പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോറ്റപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിവരാവകാശ നിയമപ്രകാരം മാര്‍ക്ക് പരിശോധിച്ചു. അപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. മാര്‍ക്കുകള്‍ വെട്ടിതിരുത്തിയ നിലയിലാണ്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ ആരോഗ്യ സര്‍വ്വകലാശാല നിയോഗിച്ച കമ്മീഷൻ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഇവര്‍ക്ക് മറ്റൊരു കോളേജിൽ വെച്ച് വീണ്ടും പ്രായോഗിക നടത്താനും തീരുമാനമായിട്ടുണ്ട്. 

ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളെ മന:പൂര്‍വ്വം പരാജയപ്പെടുത്തിയ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ അപമാനിക്കുന്ന തരത്തില്‍ അധ്യാപകര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയതിലും എസ്എഫ്ഐക്ക് പ്രതിഷേധമുണ്ട്.

എന്നാൽ മന:പൂർവ്വം തോൽപ്പിച്ചതല്ലെന്നും തിയറി പരീക്ഷകളിൽ അടക്കം ഈ വിദ്യാർത്ഥികളുടേത് മോശം പ്രകടമായിരുന്നെന്നുമുളള നിലപാടില്‍ ഉറച്ച് നില്‍ക്കുയാണ് നെഹ്‌റു ഗ്രൂപ്പ്. ഈ മാസം 31, ജനുവരി 1 തീയതികളിലായി പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും വീണ്ടും പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. അതേസമയം മാനേജ്മെന്‍റ് വീണ്ടും പ്രതികാരനടപടികള്‍ തുടരുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.