തിരുവനന്തപുരം: പൊലീസുകാരെ നടുറോഡില്‍ ആക്രമിച്ച എസ്എഫ്ഐ നേതാവ് കീഴടങ്ങി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം നസീമാണ് കന്‍റോൺമെന്‍റ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഒന്നര മാസത്തിന് മുന്‍പാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ എസ്എഫ്ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നടുറോഡില്‍ വച്ച് മര്‍ദിച്ചത്.

നേരത്തെ എസ്എഫ്ഐ നേതാവ് നസീമിനെ ന്യായീകരിച്ച് സിപിഎം നേതൃത്വം രംഗത്ത് എത്തിയിരുന്നു. പരുക്കേറ്റ പൊലീസുകാരന്‍ ബിജെപിക്കാരനായതുകൊണ്ടാണ് പ്രതി നസീമിനെതിരെ മൊഴി കൊടുത്തതെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്. 

നസീം നിരപരാധിയാണെന്നും പൊലീസുകാരെ തല്ലിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും ആനാവൂര്‍ അവകാശപ്പെട്ടു. നടുറോഡിൽ മർദ്ദിച്ച കേസിൽ  പിടികിട്ടാ പുള്ളിയെന്ന് പൊലീസ് പറയുന്ന എസ്എഫ്ഐ നേതാവ് മന്ത്രിമാരുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ ന്യായീകരണം.