തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സ്റ്റി കോളേജില്‍ വനിതാ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കടുത്ത നടപടി നിര്‍ദ്ദേശിച്ച് എസ്എഫ്‌ഐ ദേശീയ നേതൃത്വം. സദാചാര വാദികള്‍ സംഘടന വിട്ട് പോകണമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്ന ഒഴുക്കന്‍ നിലപാടില്‍ എസ്‌ഐഫ്‌ഐ സംസ്ഥാന നേതൃത്വം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുമ്പോഴാണ് കര്‍ശന നിലപാടുമായി ദേശീയ നേതൃത്വം രംഗത്തെത്തുന്നത്. എസ്എഫ്‌ഐയുടെത് ഫാസിസ്റ്റ് നിലപാടാണെന്ന് വി.എം.സുധീരന്‍ ആരോപിച്ചു. 

തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ വനിതാ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവം വന്‍ വിവാദമായെങ്കിലും മയപ്പെടുത്തിയുള്ള പ്രതികരണമായിരുന്നു എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെത്. വിമര്‍ശനങ്ങള്‍ ഏറെയുണ്ടായിട്ടും ഔദ്യോഗിക വിശദീകരണം പോലും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല. സദാചാര ഗുണ്ടകളായി മുദ്രകുത്താന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുമ്പോള്‍ ദേശീയ നേതൃത്വമെടുക്കുന്ന നിലപാട് കര്‍ശനമാണ്. സദാചാരവാദികള്‍ സംഘടന വിട്ട് പോകണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഫേസ്ബുക്കിലെഴുതി. സംഭവം വാര്‍ത്തയായതോടെയാണ് സംസ്ഥാന പ്രസിഡന്റ് എം വിജിന്‍ വിശദീകരണവുമായി വീണ്ടുമെത്തിയത്.

യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐക്കാരുടെ ഫാസിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും, കോളജിലുണ്ടായ സംഭവത്തില്‍ ശക്തമായ നിയമനടപടി സ്വീക്കരണമെന്നും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. അക്രമത്തിനരയായ വിദ്യര്‍തഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം 13 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. തിരിച്ചറിഞ്ഞിട്ടുള്ള പ്രതികള്‍ ഒളിവിലെന്നാണ് പൊലീസ് ഭാഷ്യം. കണ്ടാലറിയാവുന്നവരെ തിരിച്ചറിയാന്‍ തിങ്കളാഴ്ച കോളജില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും പൊലീസ് പറയുന്നു.