പ്രായപരിധി എസ്എഫ്ഐ ഭരണഘടനയിലില്ല സംസ്ഥാന സെക്രട്ടറി വിജിൻ ഏഷ്യാനെറ്റ് ന്യൂസിനോട്

തിരുവനന്തപുരം: 25 വയസ് കഴിഞ്ഞവരെ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന സിപിഎം നിര്‍ദ്ദേശം തള്ളി എസ്എഫ്ഐ. സംഘടനയുടെ ഭരണഘടനയില്‍ പ്രായപരിധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വിജിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എസ്എഫ്ഐയുടെ 33 ആം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രായപരിധി സംബന്ധിച്ച നിബന്ധന എസ്എഫ്ഐയ്ക്ക് നല്‍കിയത്. 25 വയസ് പരിധിയാക്കണമെന്ന പാര്‍ട്ടി നിര്‍ദേശം കര്‍ശനമായി പാലിക്കപ്പെട്ടാല്‍ എസ്എഫ്ഐയുടെ നിലവിലെ നേതൃത്വം ഭൂരിഭാഗവും മാറേണ്ടി വരും. എന്നാല്‍ സിപിഎം നിര്‍ദേശത്തെ പാടെ തള്ളുകയാണ് എസ്എഫ്ഐ

നിലവില്‍ 89 അംഗ സംസ്ഥാന കമ്മിറ്റിയാണ് എസ്എഫ്ഐയ്ക്കുള്ളത്. 19 അംഗ സെക്രട്ടേറിയറ്റും..പ്രായപരിധി സംബന്ധിച്ച് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സജീവ ചര്‍ച്ച നടക്കും. കൂട്ട പ്പിരിച്ച് വിടല്‍ ഒഴിവാക്കാൻ കുറച്ച് പേര്‍ക്കെങ്കിലും ഇളവ് നല്‍കണമെന്ന ആവശ്യം ഉയരാനും സാധ്യതയുണ്ട്. ഞാറാഴ്ചയാണ് സമ്മേളനം അവസാനിക്കുന്നത്.