ഹര്‍ഭജന്‍ സിംഗും മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദിയും കളത്തിന് പുറത്ത് കൈകോര്‍ത്തു. ബഹറിനെ സിത്രയില്‍ ഷാഹിദ് അഫ്രിദി ഫൗണ്ടേഷന്‍ ഒരുക്കിയ ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഒരുക്കിയ വിരുന്നിലാണ് ഹര്‍ഭജന്‍ സിംഗും ഷാഹിദ് അഫ്രിദിയും അതിഥികളായി എത്തിരുന്നു. രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ടതിന്റേയും സ്നേഹത്തില്‍ മുന്നോട്ട് പോകേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ച് ഇരുവരും തങ്ങളുടെ പ്രസംഗത്തിനിടെ ഓര്‍മിപ്പിച്ചു. താരങ്ങളെ ഒന്നിച്ച് കാണാന്‍ സാധിച്ചതില്‍ തൊഴിലാളി ക്യാംപിലുള്ളവര്‍ ആവേശഭരിതരായിരുന്നു. ക്യാംപിലുള്ളവര്‍ക്കൊപ്പം ഏറെ നേരം ചിലവിട്ട താരങ്ങള്‍ അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് തിരിച്ചു പോയത്.