'അവന് വേണ്ടി ഇത്രയെങ്കിലും' ഷൈലാവതി സ്വര്‍ണമോതിരം ഊരി, അഭിമന്യുവിനായി

എറണാകുളം: കുമാരനെല്ലൂര്‍ ഷൈലാവതി വര്‍ഷങ്ങള്‍ക്ക് മുമ്പ് കയ്യിലണിഞ്ഞ മോതിരം ഊരി. എന്താവശ്യമുണ്ടായിട്ടും എടുക്കാതിരുന്ന ആ മോതിരം ഷൈലാവതി ഊരിയത് അഭിമന്യുവിന് വേണ്ടിയാണ്. 75 കാരിയായ ഷൈലവതി അഭിമന്യുവിന്‍റെ കുടുംബത്തിന് വേണ്ടിയുള്ള ഫണ്ടിലേക്ക് ആ മോതിരം സംഭാന ചെയ്തു.

എറണാകുളം മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്‍റെ കുടുംബത്തിനായി സിപിഎം കരുമാല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ഫണ്ട് ശേഖരണത്തിലേക്കാണ് ഷൈലാവതിയുടെ സംഭാവന. ഞായറാഴ്ചയാണ് സിപിഎം ഫണ്ട് ശേഖരണം ആരംഭിച്ചത്. അതിന്‍റെ ഭാഗമായി സിപിഎം നേതാക്കള്‍ ഷൈലാവതിയുടെ വീട്ടിലുമെത്തി. അഭിമന്യുവിന്‍റെ കുടുംബത്തിനായി കഴിയുന്നത് ചെയ്യാന്‍ പറഞ്ഞപ്പോള്‍, മടിയേതും കൂടാതെ വര്‍ഷങ്ങളായി ഊരാതിരുന്ന മോതിരം ഊരി നല്‍കി. 

മോതിരം നല്‍കുമ്പോള്‍ ഇത്രകൂടി ഷൈലാവതി പറഞ്ഞു. അവനു വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേയെന്ന്. കഴിഞ്ഞ മാസമാണ് കോളേജില്‍ പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

കടപ്പാട്: മാതൃഭൂമി ദിനപത്രം