ഷാര്‍ജയിൽ ഇനി ഗവര്‍ണ്‍മെന്‍റ് സേവനങ്ങളുടെ ഫീസുകള്‍ എമിറേറ്റ്സ് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് അടക്കാം. ഷാര്‍ജ ഫിനാന്സ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഷാര്‍ജ ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളിലെ വിവിധ സേവനങ്ങളുടെ ഫീസുകളാണ് ഇനി എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് അടക്കാനാവുക. ഇത് സംബന്ധിച്ച് ഷാര്‍ജ ഫിനാന്സ് ഡിപ്പാര്‍ട്ടമെന്റും എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റിയും കരാറില്‍ ഒപ്പു വച്ചു. ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം ലഭ്യമാക്കുന്നതെന്ന് അധികൃതര്വാര്ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ ഷോപ്പിംഗ് മാളുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന കിയോസ്ക്കുകള്വഴി ഇത്തരത്തില്‍ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് പണമടയ്ക്കാം. ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നേരിട്ട് പണമടയ്ക്കുന്നതിനും എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനാവും.
ഒരു ഗവണ്മെന്റ് ഇത്തരത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് മേഖലയില്‍ തന്നെ ആദ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തെരഞ്ഞെടുത്ത മെഷീനുകള്‍ വഴി എമിറേറ്റ്സ് ഐഡിയില്‍ ക്രെഡിറ്റ് ടോപ് അപ് ചെയ്യാനും ഡെബിറ്റ് കാര്‍ഡ് പോലെ ഉപയോഗിക്കാനുമുള്ള സംവിധാനം ഭാവിയില്‍ കൊണ്ട് വരാനാണ് ഷാര്‍ജ ഫിനാന്സ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതരുടെ നീക്കം.
