ഈ മാസം രണ്ടിനാണ് ഷാര്‍ജ് അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചത്. എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മേളയില്‍ പുസ്തകങ്ങളുടെ വില്‍പ്പനയോടൊപ്പം വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ പ്രകാശനങ്ങള്‍, ചര്‍ച്ചകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, മുഖാമുഖങ്ങള്‍, കുക്കറി ഷോ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി നടക്കുന്നു. മേളയിലേക്ക് വന്‍ ജനപ്രവാഹമാണ്. ആദ്യ നാല് ദിവസങ്ങളില്‍ മാത്രം 6,55,000 പേര്‍ പുസ്തക മേള സന്ദര്ശിഭച്ചുവെന്നാണ് കണക്ക്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1681 പ്രസാധകരാണ് മേളയ്ക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 110 പ്രസാധകരുണ്ട്. കേരളത്തിലെ പ്രധാന പ്രസാധകരെല്ലാം ഇതില്‍ പങ്കെടുക്കുന്നുണ്ട്. ശശിതരൂര്‍, കെ.സച്ചിദാനന്ദന്‍, മധുസൂദനന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, സുഭാഷ് ചന്ദ്രന്‍, കെ.പി രാമനുണ്ണി, വീരാന്‍കുട്ടി, ഗോപീകൃഷ്ണന്‍, ബെന്യാമിന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. 

വരും ദിവസങ്ങളില്‍ നടന്‍ മമ്മൂട്ടി, എം.മുകുന്ദന്‍, മുകേഷ്, ലാല്‍ ജോസ്, ആര്‍. ഉണ്ണി തുടങ്ങിയവര്‍ അതിഥികളായി എത്തുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് മമ്മൂട്ടിയോടൊത്തുള്ള സായാഹ്നം എന്ന പരിപാടി. 
കഴിഞ്ഞ വര്‍ഷത്തെ പുസ്തകോത്സവത്തിന് പത്ത് ലക്ഷം സന്ദര്ശരകര്‍ എത്തിയെന്നാണ് കണക്ക്. എന്നാല്‍ ഈ വര്‍ഷം റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. മേള ഈ മാസം 12 വരെ തുടരും.