കഴിഞ്ഞ ദിവസം അല്‍ ഐനില്‍നിന്ന് ഷാര്‍ജാ വിമാനത്താവളത്തിലേക്കുള്ള യാത്രയിലാണ് സനല്‍ മാത്യൂ എന്ന മലയാളി. എട്ടരയ്‌ക്കുള്ള എയര്‍ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് പോകണം. അല്‍ ഐനില്‍നിന്ന് അഞ്ച് മണിക്ക് യാത്രതിരിച്ച സനല്‍ മാത്യൂവിന്റെ മുന്നില്‍ മഹാമേരു പോലെ ട്രാഫിക് ബ്ലോക്ക് എത്തി. ഏകദേശം അരകിലമോറ്ററോളം ദൂരത്തില്‍ വണ്ടികളൊന്നും അനങ്ങുന്നില്ല. അപ്പോള്‍ സമയം ഏഴു മണി കഴിഞ്ഞു. ഇനിയും കുറേ ദൂരം പോകാനുണ്ട്. മിനിട്ടുകള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ഇടയ്‌ക്ക് അടുത്ത സുഹൃത്തിനെ വിളിച്ച് ആശങ്ക പങ്കുവെയ്‌ക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിനില്‍ക്കുകയാണ് സനല്‍. അങ്ങനെ 7.25 ആയി. എന്തായാലും അവിടെ എത്താനാകില്ല. വിമാനം കിട്ടില്ലെന്നും നാട്ടില്‍ പോകാനാകില്ലെന്നും ഉറപ്പായി. അപ്പോഴാണ് 999 എന്ന പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ സനല്‍ വിളിക്കുന്നത്. അറിയാവുന്ന അറബിയില്‍ വിഷയം അവതരിപ്പിച്ചു. നാട്ടില്‍ പോകണമെന്നും ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി, വിമാനം നഷ്‌ടമാകുമെന്നുമുള്ള കാര്യം പൊലീസിനെ ധരിപ്പിച്ചു. നിമിഷങ്ങള്‍ക്കകം അവിടേക്ക് പാഞ്ഞെത്തിയ പൊലീസ് വണ്ടിയില്‍നിന്ന് പൊലീസുകാര്‍ ചാടിയിറങ്ങുന്നു. സനലിന്റെ പാസ്‌പോര്‍ട്ടും ടിക്കറ്റുമൊക്കെ പരിശോധിച്ച പൊലീസ് തങ്ങളുടെ വാഹനത്തെ പിന്തുടരാന്‍ ആവശ്യപ്പെടുന്നു. ബീക്കണ്‍ ലൈറ്റും സൈറണു മുഴക്കി, യെല്ലോ ലൈനില്‍ക്കൂടി പായുന്ന പൊലീസ് വാഹനത്തിന് പിന്നാലെ എയര്‍പോര്‍ട്ടിലേക്ക് പോയി. 7.50 ആയി അവിടെയെത്തിയപ്പോള്‍. മെയിന്‍ ഗേറ്റില്‍നിന്ന പൊലീസുകാരന്‍ സനലിനെയുംകൂട്ടി ചെക്കിങ് കൗണ്ടറില്‍പ്പോയി, ബോര്‍ഡിങ് പാസ് ശരിയാക്കിക്കൊടുത്തു. അതിനുശേഷം വിമാനത്തിലേക്ക് പോകാനൊരുങ്ങവെ ആ പൊലീസുകാരന്‍ പറഞ്ഞ- 'നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് സോറി' എന്ന വാക്കുകള്‍ സനലിനെ ശരിക്കും കോരിത്തരിപ്പിച്ചു. 8.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 9.05നാണ് പുറപ്പെട്ടത്. സനല്‍ നാട്ടിലേക്ക് പറന്നു...

ഈ സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വന്ന പോസ്റ്റ്