ന്യൂഡല്‍ഹി: പത്മാവതി സിനിമയുടെ ബന്ധപ്പെട്ട വിവാദങ്ങളില്‍ ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ശശി തരൂര്‍ ചരിത്രം പഠിക്കണമെന്നാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞ ജ്യോതിരാദിത്യസിന്ധ്യ താന്‍ സ്വന്തം ചരിത്രത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന ആളാണെന്നും പറഞ്ഞു. പത്മാവതി സിനിമയ്‌ക്കെതിരെ രജപുത്ര സമുദായം പരസ്യപ്രതിഷേധവുമായി രംഗത്ത് വന്നതിനെ വിമര്‍ശിച്ച് ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സഹപ്രവര്‍ത്തകനായ ജ്യോതിരാദിത്യ സിന്ധ്യയെ പ്രകോപിപ്പിച്ചത്. 

ഇപ്പോള്‍ അപമാനിക്കപ്പെട്ടു എന്ന് പറഞ്ഞ് മുംബൈ സംവിധായകന് പിറകേ പ്രതിഷേധവുമായി നടക്കുന്ന ശൂരന്‍മാരായ രാജാക്കന്‍മാര്‍ പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് സ്വന്തം അഭിമാനം അടിയറ വയ്ക്കുന്നതിനെപ്പറി ആശങ്കപ്പെട്ടിരുന്നില്ലെന്നായിരുന്നു ശശി തരൂരിന്റെ വിവാദമായ വാക്കുകള്‍. എന്നാല്‍ പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ താന്‍ രജപുത്രരെ മൊത്തതില്‍ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ഒത്താശ ചെയ്തവരെ മാത്രമാണ് പരാമര്‍ശിച്ചതെന്നുമുള്ള വിശദീകരണവുമായി ശശി തരൂര്‍ രംഗത്തു വന്നു. ജീവിതത്തിലൊരിക്കലും വംശീയമായൊരു പരാമര്‍ശം ഞാന്‍ നടത്തിയിട്ടില്ലെന്നും വിവാദങ്ങളെ തള്ളിക്കൊണ്ട് തരൂര്‍ പറയുന്നു.