കാസര്‍ഗോഡ്: കേരളത്തിന് പുതുതായി ശതാബ്ദി ട്രെയിന്‍ അനുവദിച്ചപ്പോഴും വടക്കന്‍ മലബാറിന് അവഗണന. തിരുവനന്തപുരത്ത് നിന്ന് തുടങ്ങുന്ന സര്‍വീസ് കണ്ണൂരില്‍ അവസാനിപ്പിക്കുകയാണ്. കാസര്‍ഗോഡിനെ നിരന്തരം അവഗണിക്കുന്ന റെയില്‍വേയുടെ നയത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കാസര്‍ഗോട്ടെ രാഷ്ട്രീയ പാര്‍ട്ടികള്‍.
കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോടിന് ഭരണ സിരാ കേന്ദ്രമായ തിരുവനന്തപുരത്തെത്താന്‍ പരിമിതമായ സൗകര്യം മാത്രമാണുള്ളത്. എട്ടുമണിക്കുള്ള ഏറനാട് പോയാല്‍ അടുത്ത ട്രെയിനിനായി ഏഴര മണിക്കൂര്‍ കാത്തിരിക്കണം. അതും കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ വേണം മാവേലിയെത്താന്‍. വൈകിയോട്ടവും പതിവ്. രാജാധാനി അടക്കമുള്ള പ്രധാന ട്രെയിനുകള്‍ക്ക് കാസര്‍ഗോഡ് സ്‌റ്റോപ്പില്ല. ഈ പ്രശ്‌നങ്ങള്‍ക്കിടെയാണ് പുതുതായി പ്രഖ്യാപിച്ച ശതാബ്ദി ട്രെയിനും കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നത്.
കണ്ണൂര്‍ വരെ സര്‍വീസ് നടത്തുന്ന ഇന്റര്‍സിറ്റി ,എക്ലിക്യൂട്ടീവ് ട്രെയിനുകള്‍ കാസര്‍കോടേക്ക് നീട്ടണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. ശതാബ്ദിട്രെയിന്‍ മംഗളൂരുവിലേക്ക് നീട്ടണമെന്ന് പി കരുണാകരന്‍ എംപി കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. അതിവേഗറയില്‍പ്പാത പദ്ധതിയിലും കാസര്‍കോടിന് ഇടമുണ്ടായിരുന്നില്ല. കൊല്ലൂര്‍ യാത്രക്കാര്‍ക്ക് പ്രയോജനകരമായിരുന്ന ബൈന്ദൂര്‍ പാസഞ്ചര്‍ മാസങ്ങള്‍ക്ക് മുന്‍പാണ് സര്‍വീസ് അവസാനിപ്പിച്ചത്. റയില്‍വേയ്ക്ക് നല്ല വരുമാനം നല്‍കുന്ന കാസര്‍ഗോഡിനോടുള്ള അവഗണനയില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കാസര്‍ഗോട്ടെ റെയില്‍വേ യാത്രാക്കാരും ജനപ്രതിനിധികളും.
