അതേസമയം, മുൻ സിനിമാ താരം കൂടിയായ സിൻഹ വാരണാസിയിൽ മത്സരിച്ചാൽ മോദിക്ക് ജയിക്കാനാകില്ലെന്നാണ് എസ്പി നേതാക്കളുടെ കണക്കുകൂട്ടൽ. അടുത്ത കാലത്തായി കേന്ദ്ര സർക്കാരിനെതിരെയും മോദിക്കെതിരെയും കടുത്ത വിമർശനങ്ങളാണ് സിൻഹ ഉന്നയിക്കുന്നത്.
ലക്നൗ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമത ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. മോദിയുടെ സ്വന്തം മണ്ഡലമായ വാരണസിയില്‍ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി ആയിട്ടാകും സിൻഹ മത്സരിക്കുക. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സിൻഹ ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മോദിക്കെതിരെ സിൻഹ മത്സരിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അതേസമയം, മുൻ സിനിമാ താരം കൂടിയായ സിൻഹ വാരണാസിയിൽ മത്സരിച്ചാൽ മോദിക്ക് ജയിക്കാനാകില്ലെന്നാണ് എസ്പി നേതാക്കളുടെ കണക്കുകൂട്ടൽ. അടുത്ത കാലത്തായി കേന്ദ്ര സർക്കാരിനെതിരെയും മോദിക്കെതിരെയും കടുത്ത വിമർശനങ്ങളാണ് സിൻഹ ഉന്നയിക്കുന്നത്. വാരണാസി ഉൾപ്പെടുന്ന കിഴക്കൻ ഉത്തർപ്രദേശിലെ സമുദായമായ ‘കായസ്ത ‘ വിഭാഗക്കാരില്‍ വലിയ സ്വാധീനമാണ് ശത്രുഘ്നന്‍ സിന്‍ഹക്ക് ഉള്ളത്. സമുദായത്തിനിടയിൽ അത്ര തന്നെ സ്വാധീനമുള്ള ആം ആദ്മിയുടെ പിന്തുണ ഉറപ്പാക്കുന്നതിനും എസ്പി ശ്രമിക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പിന് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ലക്നൗവിൽ എസ്പി സംഘടിപ്പിച്ച ജയ്പ്രകാശ് നാരായണ്‍ അനുസ്മരണ ചടങ്ങില്‍ ശത്രുഘ്നന്‍ സിന്‍ഹയും യശ്വന്ത് സിന്‍ഹയും അഖിലേഷ് യാദവുമായി വേദി പങ്കിട്ടിരുന്നു. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ എഎപി കൺവീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ‍്‍രിവാളാണ് വാരണാസിയില്‍ രണ്ടാമതെത്തിയത്.
