കറുത്തവളെന്ന നിരന്തര പരിഹാസം സഹിക്കാതെ യുവതി അഞ്ചുപേരെ വിഷം കൊടുത്ത് കൊലപ്പെടുത്തി

റായ്‌ഗഡ്‌: കറുത്തവളെന്ന നിരന്തര പരിഹാസം സഹിക്കാതെ യുവതി അഞ്ചുപേരെ വിഷം കൊടുത്ത് കൊലപ്പെടുത്തി. മഹാരാഷ്‌ട്രയിലെ റായ്‌ഗഡിലാണ് പ്രഗ്യ സര്‍വാസെന്ന ഇരുപത്തെട്ടുകാരി വീട്ടമ്മ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ സല്‍ക്കാരത്തിലെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. 150 ഒളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ അഞ്ചുപേര്‍ മരണപ്പെട്ടു. ഇതില്‍ നാലുപേര്‍ കുട്ടികളാണ്. 120 ഒളം പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, കറുത്ത നിറമാണെന്നു പറഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും പ്രഗ്യയെ പരിഹസിക്കുന്നതു പതിവായിരുന്നു. ഇതിനുപുറമേ പാചകസംബന്ധിയായ വൈദഗ്‌ധ്യമില്ലായ്‌മ ചൂണ്ടിക്കാട്ടി കളിയാക്കുന്നതും പ്രഗ്യയെ പ്രകോപിപ്പിച്ചു. തന്നെ പരിഹസിച്ചവരോടു പ്രതികാരം ചെയ്യാന്‍ കാത്തിരുന്ന പ്രഗ്യ കഴിഞ്ഞ തിങ്കളാഴ്‌ച നടന്ന ബന്ധുവിന്‍റെ ഗൃഹപ്രവേശച്ചടങ്ങ്‌ മുതലാക്കുകയായിരുന്നു. 

ചടങ്ങിനെത്തുന്നവര്‍ക്കായി കരുതിയിരുന്ന ഭക്ഷണത്തില്‍ പ്രഗ്യ കീടനാശിനി കലര്‍ത്തി. ഇതു കഴിച്ചവരെല്ലാവരും വയറുവേദന അടക്കമുള്ള അസ്വസ്‌ഥതകള്‍ പ്രകടിപ്പിക്കുകയും ഛര്‍ദിക്കുകയും ചെയ്‌തു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ അഞ്ചുപേര്‍ മരിച്ചതോടെ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ഭക്ഷ്യവിഷബാധയാണെന്നായിരുന്നു ആദ്യം കരുതിയത്‌. എന്നാല്‍ ഭക്ഷണ സാമ്പിള്‍ പരിശോധിച്ചതില്‍നിന്ന്‌ കീടനാശിനിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു.

തുടര്‍ന്ന്‌ പരിപാടിയില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്‌തു. മൊഴിയിലെ പൊരുത്തക്കേടുകളില്‍ സംശയം തോന്നിയ പോലീസ്‌ പ്രഗ്യയെ കൂടുതല്‍ ചോദ്യം ചെയ്‌തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.