അതെ അവര്‍ എല്ലാംമറന്ന് പാടുകയാണ് ' വരവീണ മൃദുവാണി......' . ഷീബ ടീച്ചര്‍ കൂടെയുള്ളപ്പോള്‍ നരച്ച മുടിചുരുളുകള്‍ക്കോ ചുളിഞ്ഞു തുടങ്ങിയ തൊലിപ്പുറങ്ങള്‍ക്കോ അവരുടെ ശാരീരത്തെ തളര്‍ത്താനാകില്ല. കോഴിക്കോട് പുതിയറ കലാശാല എന്ന വീട്ടില്‍ രണ്ട് വര്‍ഷത്തോളമായി ഷീബ ശ്രുതി ടീച്ചര്‍ സംഗീത ക്ലാസ് നടത്തുന്നു. ഈ സംഗീത ക്ലാസിന്റെ പ്രത്യേകത കൂടുതല്‍ പഠിതാക്കളും അറുപത് പിന്നിട്ടവരാണെന്നാണ്. തന്റെ മാതാപിതാക്കളുടെ പ്രായമായവരെ സൗജന്യമായി ശാസ്ത്രീയ സംഗീതം പഠിപ്പിക്കുകയാണ് ടീച്ചര്‍. 

പാലക്കാട് ചെന്നൈ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണ്‍, ഗാനപ്രവീണ്‍ എന്നിവ കരസ്ഥമാക്കിയ ഷീബ ശ്രുതി കലാശാല എന്ന പേരില്‍ സംഗീത വിദ്യാലയവും നടത്തുന്നുണ്ട്. ചെറിയ കുട്ടികളെ സംഗീതം പഠിപ്പിക്കുന്നതിനെക്കാള്‍ തനിയ്ക്ക് താത്പര്യം വയോധികര്‍ക്ക് സംഗീതം പകര്‍ന്ന് നല്‍കാനാണെന്ന് ഇവര്‍ പറയുന്നു. 

പഠനം ശാസ്ത്രീയം

പാലക്കാട് ചെമ്പൈ സംഗീതകോളെജില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ ശാസ്ത്രീയമായി തന്നെയാണ് പ്രായമായ ശിഷ്യര്‍ക്കും ഷീബ ടീച്ചര്‍ പകര്‍ന്ന് നല്‍കുന്നത്. കര്‍ണാടക സംഗീതത്തിന്റെ ബേയ്‌സിക്കുകളും രാഗങ്ങളുമെല്ലാം പകര്‍ന്ന് നല്‍കും. പഴയപാട്ടുകള്‍ പാടിയാണ് ഓരോ രാഗങ്ങളെയും പ്രിയ ശിഷ്യരുടെ മനസിലുറപ്പിക്കുക. 2016 ഫെബ്രുവരി 23നാണ് പ്രായമായവര്‍ക്കായി ആഴ്ചയില്‍ ഒരു ദിവസം ക്ലാസെന്ന ആശയം ഷീബ ടീച്ചര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. കോഴിക്കോടിന് പുറമെ വയനാട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്നെല്ലാം വയോധിക ശിഷ്യര്‍ കലാശാലയിലെത്തുന്നുണ്ട്. 

ഒന്നാം വാര്‍ഷികത്തിന് കോഴിക്കോട് ടൗണ്‍ഹാളില്‍ കലാശാല സീനിയര്‍ സിറ്റിസണ്‍ ട്രൂപ്പായി ഗാനമേള അവതരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു. രണ്ടാം വാര്‍ഷികത്തിനും മികച്ച പരിപാടി നടത്താനുള്ള ഒരുക്കത്തിലാണ് ശിഷ്യരെന്ന് ഷീബ ടീച്ചര്‍. എല്ലാം ശനിയാഴ്ചയും രാവിലെ 11.30 മുതല്‍ ഒരുമണി വരെ നടക്കുന്ന ക്ലാസില്‍ 150നും 200 നും ഇടയില്‍ വയോധിക ശിഷ്യരെത്തും, സംഗീതം പഠിക്കാന്‍. ഇവരെ ക്ലാസില്‍ എത്തിക്കുന്നത് മക്കളോ പേരക്കുട്ടികളോ ആകും. മുമ്പ് മക്കളെയോ പേരക്കുട്ടികളെയോ സ്‌കൂളിലും മറ്റും പഠിപ്പിക്കാന്‍ കൊണ്ടുപോയി ആക്കിയവര്‍ക്ക് തിരിച്ചുകിട്ടുന്ന സുകൃതമാണിതെന്നാണ് ചിലര്‍ പറയുന്നത്. 

ഷീബ ശ്രുതി ടീച്ചര്‍

പഴയ ടീച്ചറും ഇപ്പോള്‍ ശിഷ്യ

ഷീബ ടീച്ചറുടെ സംഗീത ക്ലാസിലെ ഏറ്റവും മുതിര്‍ന്ന പഠിതാവ് 84 വയസുള്ള രാധാഭായ് ടീച്ചറാണ്. ഇവര്‍ ഷീബ ശ്രുതിയുടെ സ്‌കൂള്‍ അധ്യാപികയായിരുന്നു. കോഴിക്കോട് ഗവ. അച്യുതന്‍ ഗേള്‍സ് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഷീബയുടെ അധ്യാപികയായിരുന്നു രാധാഭായ്. തന്റെ മാതാപിതാക്കളുടെ പ്രായമായവരെയെല്ലാം മക്കളെ.... എന്ന് വിളിച്ചാണ് ഷീബ ടീച്ചര്‍ ക്ലാസെടുക്കുക. അതിന് പ്രായമായ ശിഷ്യരുടെ മറുപടി ഇങ്ങനെ: ' ടീച്ചറ് മക്കളെന്ന് വിളിക്കുമ്പോള്‍ ഞങ്ങക്കത് ഏറെ സന്തോഷം നല്‍കുന്നു'. 

ജോലി തിരക്കു കാരണവും അവസരങ്ങള്‍ ലഭിക്കാഞ്ഞും മനസിലെ സംഗീത സ്‌നേഹം മാറ്റിവച്ചവരാണ് ഇപ്പോള്‍ ഷീബ ടീച്ചറുടെ ശിഷ്യരായി സംഗീതം പഠിക്കുന്നത്. പലരും ഇപ്പോള്‍ നാട്ടിലെ ഗാനമേളകളിലും മറ്റും ഗായികരായി കഴിഞ്ഞുവെന്നതാണ് പ്രത്യേകത. ഡോക്റ്റര്‍മാര്‍, എന്‍ഞ്ജിനീയര്‍മാര്‍, വിമുക്ത ഭടന്മാര്‍, അധ്യാപകര്‍ തുടങ്ങിയ മേഖലകളില്‍ നിന്നും വിരമിച്ചവര്‍ വരെ സംഗീതം പഠിക്കാനായി ഇവിടെയെത്തുന്നുണ്ട്. 

രണ്ട് പതിറ്റാണ്ട് പിന്നിട്ട് സംഗീതധാര

സംഗീത രംഗത്ത് 22 വര്‍ഷമായി ഷീബ ശ്രുതി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. നിരവധി പേര്‍ക്ക് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കാനുമായി. ദേവഗിരി സിഎംഐ സ്‌കൂളിലെ സംഗീതാധ്യാപികയായിരുന്ന ഇവര്‍ ഇപ്പോള്‍ മുഴുവന്‍ സമയവും കലാശാലയിലെ അധ്യാപികയാണ്. ഏറ്റവും സന്തോഷം ലഭിക്കുന്നത് പ്രായമായവര്‍ക്ക് സംഗീതം പകര്‍ന്ന് നല്‍കുമ്പോഴാണെന്ന് ടീച്ചര്‍ പറയുന്നു. കുഞ്ഞു കുട്ടികളെ പോലെയാണ് തന്റെ മാതാപിതാക്കളുടെ പ്രായമായ ശിഷ്യരെയും ഷീബ ടീച്ചര്‍ കാണുന്നത്. നന്നായി പാടുന്നവര്‍ക്ക് മിഠായിയും സമ്മാനങ്ങളും നല്‍കും. 

ശാസ്ത്രീയ സംഗീതത്തിനൊപ്പം മാസത്തിലെ ഒരു ശനിയാഴ്ച സിനിമപാട്ടുകളും പാടാന്‍ അവസരം നല്‍കും. മുതിര്‍ന്നവരാണെങ്കിലും പുതിയ പാട്ടുകളെയും ഇഷ്ടപ്പെടുന്നവരാണ് ഇവരെല്ലമെന്നാണ് ടീച്ചറുടെ പക്ഷം. പ്രായമായവരുടെ ജീവിതം ആസ്വാദ്യകരമാക്കാന്‍ തനിക്കാവുന്നത് എന്തെങ്കിലും ചെയ്യണമെന്ന നിശ്ചയദാര്‍ഢ്യമാണ് ഇത്തരം ഒരു പാട്ട് ക്ലാസെന്ന ആശയത്തിലെത്തിക്കുന്നത്. കുട്ടികളെ പോലെ നിലത്ത് ഇരുന്നാണ് ഇവരുടെയും പഠനം. ശാരിരീക ബുദ്ധിമുട്ടുള്ളവര്‍ക്ക് കസേരയിലും ഇരുന്ന് പഠിക്കാം. 

ചില ദിവസങ്ങളില്‍ പാട്ടുപഠിപ്പിക്കാന്‍ ടീച്ചറുടെ സഹോദരിയും നവോദയ സ്‌കൂളിലെ സംഗീതാധ്യാപികയുമായ ഷീജയും ഉണ്ടാകും. റിട്ട. അധ്യാപകന്‍ ഗോപാലന്റെയും ആംഗന്‍വാടി ജീവനക്കാരി ഷീലയുടെയും മകളാണ് ഷീബ ശ്രുതി. ഭര്‍ത്താവ് കാമ്പുറത്ത് ബിജുവിന്റെയും മക്കളായ ലക്ഷ്മിയുടെയും ധന്വന്തിന്റെയും പിന്തുണയിലാണ് ഷീബയുടെ സംഗീതം പഠനം സജീവമാകുന്നത്. വയോധികര്‍ക്കായുള്ള ഷീബ ടീച്ചറുടെ സംഗീത ക്ലാസുകള്‍ തുടരുകയാണ്. വരവീണ മൃദുവാണി......പ്രായാധിക്യത്തെ വെല്ലുവിളിച്ച് പ്രിയശിഷ്യരും ഏറ്റുപാടി. വരവീണ മൃദുവാണി....