എംഎല്‍എയ്ക്ക് നേരെ പ്രതിഷേധം

കൊല്ലം: അഞ്ചല്‍ സംഭവത്തില്‍ ഗണേഷ്കുമാര്‍ എംഎല്‍എക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരി ഷീന. ചവറ കോടതിയില്‍ ഷീന രഹസ്യമൊഴി നല്‍കി. ഗണേഷ്കുമാറിന് നേരെ ഇന്നും യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധമുണ്ടായി.

വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്തു, അസഭ്യവാക്കുകള്‍ ഉപയോഗിച്ചു, ലൈംഗിക ചുവയോടെയുള്ള ചേഷ്ടകള്‍ കാണിച്ചു എന്നിങ്ങനെ
പൊലീസിന് നല്‍കിയ മൊഴി ഷീന കോടതിയിലും ആവര്‍ത്തിച്ചു. ആദ്യം പരാതി നല്‍കിയിട്ടും അത് രജിസ്റ്റര്‍ ചെയ്യാതെ ഗണേഷ് കുമാറിന്‍റെ പരാതിയാണ് ആദ്യം സ്വീകരിച്ചതെന്നും ഷീന കോടതിയില്‍ പറഞ്ഞു. 

രഹസ്യമൊഴി എടുക്കുന്നത് ഒന്നരമണിക്കൂര്‍ നീണ്ടു. ചവറ കോടതിയില്‍ നിന്ന് കേസിന്‍റെ അധികാര പരിധിയിലുള്ള പുനലൂര്‍ കോടതിയിലേക്ക് രഹസ്യമൊഴി മജിസ്ട്രേട്ട് കൈമാറും. പൊലീസ് നല്‍കിയ എഫ്ഐആറും രഹസ്യമൊഴിയും പരിശോധിച്ച ശേഷം പുനലൂര്‍ മജിസ്ട്രേട്ടായിരിക്കും ഇനി കേസിന്‍റെ തുടര്‍ നടപടികള്‍ തീരുമാനിക്കുക. പത്തനാപുരത്ത് ഗണേഷ്കുംമാര്‍ പങ്കെടുത്ത രണ്ട് പരിപാടിയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമയി എത്തി. ഗണേഷ്കുമാറിനെതിരെ ഷീന വനിതാകമ്മീഷന് നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചു. കേസിന്‍റെ വിശദാശങ്ങള്‍ ഹാജരാക്കാൻ അഞ്ചല്‍ പൊലസിനോട് കമ്മീഷൻ ആവശ്യപ്പെട്ടു