ദുബായ്: ദുബായില്‍ സംഘടനകള്‍ക്ക് പുതിയ നിയമാവലി രൂപവത്കരിച്ചു. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും സാമൂഹിക പുരോഗതി കൈവരിക്കാനും പുതിയ നിയമാവലി രൂപവല്‍ക്കരിച്ചുകൊണ്ട് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിറക്കി.ആരോഗ്യം, സാംസ്‌കാരികം, വിദ്യാഭ്യാസം, ശാസ്ത്രം, കല തുടങ്ങിയ വിഭാഗങ്ങളിലോ അല്ലെങ്കില്‍ സാമൂഹിക-മാനവിക വിഷയങ്ങളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവയാകണം സംഘടനകള്‍.
നിയമപരമായ വ്യക്തിയോ അല്ലെങ്കില്‍ ഒരു സംഘം ആളുകളോ ചേര്‍ന്ന് സ്ഥാപിക്കുന്നതാകണം. ഓരോ സംഘടനയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു നിശ്ചിത സാമ്പത്തിക വിഹിതം കണക്കാക്കാക്കി മാറ്റി വെയ്ക്കണം. നിയമം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ്.
സംഘടനകള്‍ക്കും എമിറേറ്റിലെ അവയുടെ വിവിധ ശാഖകള്‍ക്കും ലൈസന്‍സ് അനുവദിക്കാനുള്ള ചുമതലയും സി.ഡി.എ.ക്കു തന്നെയാണ്. ഇത്തരത്തില്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാന്‍ ഒരു വ്യക്തിക്കോ സംഘടനക്കോ അനുവാദമില്ല. ചുരുങ്ങിയത് പത്തുപേര്‍ ചേര്‍ന്ന് മാത്രമേ ഒരു സംഘടനാ രൂപവത്കരിക്കാന്‍ സാധിക്കുകയുള്ളു.
ഇതില്‍ രണ്ടുപേര്‍ യു.എ.ഇ. സ്വദേശികളായിരിക്കണം. പുതിയ നിയമനിര്‍മാണവുമായി പൊരുത്തപ്പെടുന്ന ഒരു ചട്ടക്കൂടും ഓരോ സംഘടനയ്ക്കുമുണ്ടാകണം. സംഘടനയുടെ പ്രവര്‍ത്തനോദ്ദേശ്യം വ്യക്തമാക്കുന്ന രീതിയില്‍ അതിന്റെ പേര് രേഖപ്പെടുത്തണം. സംഘടനയുടെ പ്രവര്‍ത്തനം, സ്ഥലം, അംഗങ്ങളുടെ പേരുകള്‍, അവരുടെ ദേശീയത, തൊഴില്‍, താമസം തുടങ്ങിയ കാര്യങ്ങളും ഈ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തണമെന്നും നിയമാവലിയില്‍ പറയുന്നു.
