Asianet News MalayalamAsianet News Malayalam

മാധ്യമ മേഖലയില്‍ പക്ഷം പിടിക്കാതിരുന്നാല്‍ ആക്രമിക്കപ്പെടുന്ന കാലം; ടിഎന്‍ജി പുരസ്കാര വേദിയില്‍ ശേഖര്‍ ഗുപ്ത

നിപ്പ ബാധിതരെ ശുശ്രൂഷിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിക്കാണ് ഇക്കുറി പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നഴ്സ് ലിനിയുടെ ഭർത്താവ് സജീഷും മക്കളും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി

shekhar gupta speech in tng award function
Author
Thiruvananthapuram, First Published Jan 30, 2019, 8:31 PM IST

തിരുവനന്തപുരം: മാധ്യമപ്രവർത്തനത്തിൽ പക്ഷം പിടിക്കാൻ എളുപ്പമാണെന്നും പക്ഷംപിടിക്കാതിരുന്നാൽ അക്രമിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലമാണിതെന്നും മുതിർന്ന മാധ്യമപ്രവർത്തകനും എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്‍റുമായ ശേഖർ ഗുപ്ത അഭിപ്രായപ്പെട്ടു. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റ‍ർ ഇൻ ചീഫുമായിരുന്ന ടി എൻ ഗോപകുമാറിന്‍റെ സ്മരണാർത്ഥം ഏഷ്യാനെറ്റ് ന്യൂസ് നൽകുന്ന മൂന്നാമത് ടിഎന്‍ജി പുരസ്കാര സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ സത്യാവസ്ഥ പുറത്തുവന്ന കാലത്താണ് മൂന്നാമത് ടിഎന്‍ജി പുരസ്കാരം സമ്മാനിക്കുന്നത്. ചാരക്കേസിന്‍റെ കാലത്ത് ശാസ്ത്രജ്ഞരെ ജയിലിലാക്കാനായിരുന്നു എല്ലാവരും ശ്രമിച്ചത്. അന്ന് കേന്ദ്രത്തില്‍ നരസിംഹറാവുവും കേരളത്തില്‍ കരുണാകരനുമായിരുന്നു അധികാരത്തില്‍. ഏറക്കുറെ എല്ലാ മാധ്യമങ്ങളും ചാരക്കേസിനെ അനുകൂലിച്ചായിരുന്നു വാര്‍ത്തകള്‍ നല്‍കിയിരുന്നത്.

എന്നാല്‍ ഇക്കാലത്ത് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതില്‍ മാറ്റം വന്നിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച മാധ്യമ മേഖലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. എല്ലാ വാര്‍ത്തകളും അത് സംഭവിക്കുന്പോള്‍ തന്നെ അറിയാന്‍ വായനക്കാര്‍ക്ക് സാധിക്കുന്നു. ഇന്‍റര്‍നെറ്റും മൊബൈലും വ്യാപകമായ കാലഘട്ടത്തിലെ മാധ്യമ പ്രവര്‍ത്തനത്തിനും അതിന്‍റേതായ പുരോഗതിയും മാറ്റവും ഉണ്ടായിട്ടുണ്ടെന്നും ശേഖര്‍ ഗുപത് ചൂണ്ടികാട്ടി.

 

നിപ്പ ബാധിതരെ ശുശ്രൂഷിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിക്കാണ് ഇക്കുറി പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നഴ്സ് ലിനിയുടെ ഭർത്താവ് സജീഷും മക്കളും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും ഉൾപ്പെടുന്ന പുരസ്കാരം സ്പീക്കർ ശ്രീരാമകൃഷ്ണനാണ് ലിനിയുടെ കുടുംബത്തിന്  സമ്മാനിച്ചത്. ജൂറി തയ്യാറാക്കിയ മൂന്ന് പേരുടെ പട്ടികയിൽ നിന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരാണ് ലിനിയെ അവാർഡിനായി തെരഞ്ഞെടുത്തത്.

Follow Us:
Download App:
  • android
  • ios