ദേവസ്വം ബോർഡിന് പുതിയ അഭിഭാഷകൻ. കേസിൽ മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ഡേ ഹാജരാകും. ആര്യാമാ സുന്ദരം പിൻമാറിയതിനാലാണ് നാഫ്ഡേയെ നിയോഗിച്ചത്.

ദില്ലി: ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കാൻ ദേവസ്വം ബോ‍‍ർഡിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ഡേ ഹാജരാകും. ദേവസ്വം ബോർഡിനുവേണ്ടി ഹാജരാകാനിരുന്ന മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം നേരത്തേ കേസിൽ നിന്ന് പിൻമാറിയിരുന്നു.

ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്ത് എൻഎസ്എസിനുവേണ്ടി ആര്യാമ സുന്ദരം സുപ്രീം കോടതിയിൽ ഹാജരായിരുന്നു. അതിൽനിന്ന് വേറിട്ട നിലപാടെടുത്ത് അതേ കേസിൽ കോടതിയിൽ ഹാജരാകാനുള്ള അസൗകര്യം അദ്ദേഹം ദേവസ്വം ബോർഡിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡ് ശേഖർ നാഫ്ഡേയെ സമീപിച്ചത്.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ നാളെ സുപ്രീം കോടതി ദേവസ്വം ബോർഡിന്‍റെ അഭിപ്രായം ആരായുകയാണെങ്കില്‍ ശേഖർ നാഫ്ഡേ നിലപാട് അറിയിക്കാനാണ് സാധ്യത. അതേസമയം സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന മറ്റൊരു ഹർജിക്കാരൻ ആര്യാമ സുന്ദരത്തെ സമീപിച്ചതായാണ് വിവരം.