ഷെറിലിന് സംഘടനയുമായി ബന്ധമില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ അന്നത്തെ നിലപാട്. ഇതേ കേസിൽ പ്രതി ചേർക്കപ്പെട്ട ആളെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആക്കിയിരുന്നു.
കണ്ണൂർ: കണ്ണൂർ പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളും ഡി വൈ എഫ് ഐക്ക് രക്തസാക്ഷി. ഡിവൈഎഫ്ഐ യുടെ മേഖല സമ്മേളനത്തിലാണ് കഴിഞ്ഞ വർഷം ബോംബ് പൊട്ടി മരിച്ച ഷെറിനെ രക്തസാക്ഷിയാക്കിയത്. എന്നാൽ അനുശോചന പ്രമേയത്തിൽ പ്രാദേശികമായി മരിച്ചയാളുകളെ ഉൾപ്പെടുത്തിയതാണെന്ന് ഡി വൈ എഫ് ഐ ജില്ലാ നേതൃത്വം അറിയിച്ചു.
പാനൂർ കുന്നോത്തു പറമ്പിൽ ബോംബ് നിർമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഷെറിന് പാർട്ടി യുമായി ബന്ധമില്ലെന്ന് പറഞ്ഞാണ് സിപിഎമ്മും ഡി വൈ എഫ് ഐ യും തള്ളിയത്. വർഷമൊന്ന് കഴിഞ്ഞപ്പോൾ ഷെറിൻ ഡി വൈ എഫ് ഐക്ക് രക്തസാക്ഷി. കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിന് ആളൊഴിഞ്ഞ വീടിന്റെ ടെറസ്സിലായിരുന്നു സ്ഫോടനം. അന്ന് സ്ഫോടന കേസിൽ ആറാം പ്രതിയായിരുന്ന അമൽ ബാബുവിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി യാക്കിയതും വിവാദമായിരുന്നു.
അന്ന് നടന്ന സ്ഫോടനത്തിൽ മുപ്പത്തിയൊന്ന്കാരൻ ഷെറിൻ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 15 പേരെ പ്രതി ചേർത്തു. ഒരുവർഷത്തിനിപ്പുറം ഡി വൈ എഫ് ഐ കുന്നോത്തു പറമ്പ് മേഖല സമ്മേളനത്തിലെ അനുശോചന പ്രമേയത്തിലാണ് ഷെറിനെ രക്തസാക്ഷിയത്. എന്നാൽ നാട്ടിൽ മരിച്ചയാളെ സമ്മേളനത്തിൽ അനുശോചിച്ചതാണെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സരിൻ ശശിയുടെ വിശദീകരണം.



