Asianet News MalayalamAsianet News Malayalam

ഷെറിന്‍ മാത്യൂസിന്റെ മരണം; 'കൊല്ലാനുദ്ദേശിച്ചുള്ള അക്രമ'ത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

sherin mathews died from homicidal violence
Author
First Published Jan 4, 2018, 12:22 PM IST

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ ദുരൂഹത മറ നീക്കുന്നു. ഷെറിന്‍റെ മരണം  'കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ' തുടര്‍ന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. ശരീരത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ചു പോയതിനാല്‍ മരിച്ചതെങ്ങനെയെന്ന് കൃത്യമായി വ്യക്തമാക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി.  

കുഞ്ഞിന്റെ ശരീരത്തില്‍ ഒടിവുകളും മുറിവുകള്‍ ഉണങ്ങിയതിന്റെ പാടുകളും ഉണ്ടെന്ന് മൃതദേഹം പ്രാഥമികപരിശോധന നടത്തിയ ഡോക്ടര്‍ അറിയിച്ചിരുന്നു. 2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്സ്റേകളിലാണ് ഷെറിന്റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. എന്നാല്‍, ഒടിവുകള്‍ കുഞ്ഞിന്റെ ദത്തെടുക്കും മുന്‍പ് ഇന്ത്യയില്‍വച്ചുണ്ടായ പോഷകാഹാരക്കുറവുമൂലമാണെന്നാണ് വളര്‍ത്തമ്മ സിനി മാത്യൂസ് മൊഴി നല്‍കിയിരിക്കുന്നത്. 

2017 ഒക്ടോബര്‍ ഏഴിനാണ് ഡാലസിലെ വീട്ടില്‍ നിന്നും ഷെറിനെ കാണാതായത്. പാലു കുടിക്കാന്‍ വിസമ്മതിച്ചതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തു നിര്‍ത്തിയ കുഞ്ഞിനെ കാണാതായി എന്ന് വളര്‍ത്തച്ഛന്‍ വെസ്ലി പോലീസില്‍ പരാതി നല്‍കി, 15 ശേഷം 22 നാണ് ഷെറിന്റെ മൃതദേഹം വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്നും കണ്ടെത്തിയത്. കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഡാലസ് കൗണ്ടി ജയിലിലാണ് ഇരുവരും ഇപ്പോള്‍. 

ഒക്ടോബര്‍ എഴിനു രാവിലെ വെസ്ലി സ്വന്തം വാഹനത്തില്‍ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയില്‍ കൊണ്ടു പോയി ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഷെറിനും ദമ്പതികളുടെ കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടില്‍ ലഭിച്ചിരുന്നതെന്നും കോടതിയില്‍ വാദം ഉയര്‍ന്നിരുന്നു. ദമ്പതികളുടെ കുഞ്ഞിനൊപ്പമുളള നിരവധി ചിത്രങ്ങള്‍ വീട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഷെറിനൊപ്പമുളള ഒറ്റ ചിത്രം പോലും ഉണ്ടായിരുന്നില്ല. ഷെറിന്റെ കൈകാലുകളിലെ അസ്ഥികള്‍ പല തവണ ഒടിഞ്ഞിരുന്നതായും മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും മൃതദേഹ പരിശോധന നടത്തിയ ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ശിശുരോഗ വിദഗ്ധ ഡോ. സൂസന്‍ ദകിലാണ് കോടതിയില്‍ നേരത്തെ മൊഴി നല്‍കിയത്. അതേ സമയം കുഞ്ഞ് ഉപദ്രവിക്കപ്പെടുന്നതായി ഷെറിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസില്‍ അറിയിച്ചിരുന്നു.

ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന മറ്റൊരു മകളുമുണ്ട്. ശിശുസംരക്ഷണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു ബന്ധുവിന്റെ സംരക്ഷണയില്‍ കഴിയുന്ന നാലു വയസ്സുകാരി മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വെസ്‌ലി സിനി ദമ്പതികള്‍ നല്‍കിയ അപേക്ഷയില്‍ കോടതി ഇന്നു വാദം കേള്‍ക്കും. കുഞ്ഞിനെ കാണാണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ അപേക്ഷ കോടതി കഴിഞ്ഞമാസം നിരസിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios