ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ടുമുതലാണ് അമേരിക്കന്‍ പൗരനായ മലയാളി ജോയിയെയും മകന്‍ ഷെറിനെയും കാണാതാവുന്നത്. അന്നേ ദിവസം തന്നെ വൈകീട്ട് അഞ്ചുമണിയോടെ ഷെറിന്‍ അച്ഛനായ ജോയിയെ വെടിവെച്ചു കൊന്നു. തിരുവനന്തപുരത്തുനിന്നും ചെങ്ങന്നൂരിലേക്ക് വരുന്ന വഴി മുളക്കഴയില്‍ കാറില്‍വച്ചാണ് ജോയിയെ വെടിവെച്ചത്. മൃതദേഹം കത്തിച്ചുകളയുന്നതിനായി ചെങ്ങന്നൂരിലെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ ഗോഡൗണിലേക്ക് മാറ്റി. ഈ ശ്രമം പരാജയപ്പെട്ടതോടെ മൃതദേഹം ആറുകഷണങ്ങളാക്കി വെട്ടിനുറുക്കി ചാക്കില്‍ കെട്ടി വിവിധയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. 

ചെറുപ്പം മുതല്‍ തന്നെ അച്ഛന്‍ തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്ന് ഷെറിന്‍ പോലീസിനോട് പറഞ്ഞു. കുറച്ച് കാലം മുമ്പ് സ്പാനര്‍ കൊണ്ട് അടിച്ച് ഷെറിന്‍റെ കൈക്ക് പരിക്കേറ്റിരുന്നു. ഒരു രൂപ പോലും കണക്ക് കാണിക്കാതെ മകന് അച്ഛന്‍ കൊടുക്കുമായിരുന്നില്ല. മകന്‍ ധൂര്‍ത്തടിച്ച് കളയുന്നതായിരുന്നു ഇതിന് കാരണം. അതുകൊണ്ട് തന്നെ നേരത്ത ഷെറിന്‍ അച്ഛനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിവരികയായിരുന്നു. തലയും കൈകാലുകളും ഉള്‍പ്പെടുന്ന ശരീരഭാഗം ചങ്ങനാശ്ശേരിയിലും ചിങ്ങവനത്തും പമ്പയാറ്റില്‍ നിന്നുമായി പോലീസ് കണ്ടെത്തി. പ്രതിയെ എത്തിച്ചാണ് ഇവയെല്ലാം പോലീസ് കണ്ടെത്തിയത്. വിദേശ നിര്‍മ്മിതമായ തോക്ക് അച്ഛന്‍റെ കയ്യില്‍ നിന്ന് മകന്‍ കൊലപാതകം നടത്താനായി മോഷ്ടിച്ചതായിരുന്നെന്നും പോലീസ് പറഞ്ഞു.