മുംബൈ: രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് സഖ്യകക്ഷി കൂടിയായ ശിവസേനയുടെ പരിഹാസം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ട്രെയിലറാണ്. രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പു ഫലങ്ങള്‍ ഇടവേളയും. യഥാര്‍ഥ സിനിമയെന്താണെന്ന് 2019ല്‍ ഞങ്ങള്‍ കാണിച്ചുതരാമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. ഒരു കാരണവശാലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോകില്ലെന്നും ഒരിക്കല്‍ അമ്പ് വില്ലില്‍നിന്ന് വേര്‍പ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് തിരിച്ചു വരാറില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്നത് ഉറച്ച തീരുമാനമാണ്. അതില്‍നിന്ന് പിന്നോട്ടില്ല. മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് വെറും കടലാസു കഷ്ണം മാത്രമാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്ന് കണ്ടറിയണമെന്നും റൗട്ട് പറഞ്ഞു.