കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ മന്ത്രാലയം.ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസ്, നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്പ്രസ് എന്നിവയുൾപ്പെടെയുള്ള ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ ലഭിക്കും

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയം. 16 ട്രെയിനുകൾക്കാണ് വിവിധ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ചത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി അറിയിച്ചുകൊണ്ടാണ് ജോർജ് കുര്യൻ വിവരം പുറത്തുവിട്ടത്. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തുമാണ് റെയിൽവേ മന്ത്രാലയത്തിന്റെ നടപടി. പുതുതായി അനുവദിച്ച സ്റ്റോപ്പുകൾ നിലവിൽ വരുന്നതോടെ ചെറുകിട സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനം ലഭിക്കും. സ്റ്റോപ്പുകൾ സംബന്ധിച്ച കൃത്യമായ സമയക്രമവും ഏതൊക്കെ ട്രെയിനുകൾക്ക് എവിടെയൊക്കെയാണ് പുതിയ സ്റ്റോപ്പുകൾ എന്നതിന്റെ വിശദവിവരങ്ങളും ഉടൻ തന്നെ റെയിൽവേ പുറത്തുവിടുമെന്നാണ് സൂചന. വൈകാതെ തന്നെ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

പുതിയ സ്റ്റോപ്പുകൾ

16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ പുതിയ സ്റ്റോപ്പ്

16325, 16325 നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകൾ

16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്

16334 തിരുവനന്തപുരം സെൻട്രൽ - വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകൾ

16336 നാഗർകോവിൽ - ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്

16341 ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്

16366 നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ് : ധനുവച്ചപുരം സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്

16609 തൃശൂർ - കണ്ണൂർ എക്‌സ്പ്രസ് : കണ്ണൂർ സൗത്ത് സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്

16730 പുനലൂർ-മധുരൈ എക്‌സ്പ്രസ് : ബാലരാമപുരം സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്

16791 ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസ് : കിളിക്കൊല്ലൂർ സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്

19259 തിരുവനന്തപുരം നോർത്ത് - ഭാവ്‌നഗർ എക്‌സ്പ്രസ് : വടകര സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്

22149, 22150 എറണാകുളം - പുണെ എക്‌സ്പ്രസ് : വടകര സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്

16309, 16310 എറണാകുളം - കായംകുളം മെമു : ഏറ്റുമാനൂർ സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്

22475, 22476 ഹിസാർ-കോയമ്പത്തൂർ എക്‌സ്പ്രസ് - തിരൂർ സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്

22651, 22652 ചെന്നൈ സെൻട്രൽ - പാലക്കാട് എക്‌സ്പ്രസ് : കൊല്ലങ്കോട് സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്

66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു : തുവ്വൂർ സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്