ഇടുക്കി: നിര്‍ധനരായവര്‍ക്ക് വേണ്ടി കരുണയുടെ കട തുറന്ന് ഒരു പറ്റം സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍. നിര്‍ധനരായവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളും ചെരുപ്പുകളും യഥേഷ്ടം സൗജന്യമായി തിരഞ്ഞെടുക്കാനുള്ള അവസരമാണ് നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കടയില്‍ ഒരുക്കിയിരിക്കുന്നത്. 

നല്ലൊരുടുപ്പുവാങ്ങാന്‍ കഴിയാത്ത, കളിപ്പാട്ടം സ്വപ്നം കാണാനാവാത്ത, നല്ലൊരു ചെരുപ്പ് ഇല്ലാത്ത ഒരു പാടുപേര്‍ നമ്മുടെ നാട്ടിലുണ്ടെന്ന തിരിച്ചറിവാണ് നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കരുണയുടെ കട തുടങ്ങാന്‍ പ്രേരിപ്പിച്ചത്.

തങ്ങളുടെ വീട്ടില്‍ ഉപയോഗിക്കാതെ ഇരുന്ന നല്ല വസ്ത്രങ്ങള്‍ കുട്ടികള്‍ ആദ്യം ഇതിനായി എത്തിക്കുകയായിരുന്നു. പിന്നീട് ഓരോ വസ്ത്രവും കഴുകി ഇസ്തിരിയിട്ടു. കുട്ടികളുടെ സംരഭം അറിഞ്ഞ നെടുങ്കണ്ടത്തെ നിരവധി വ്യാപാരികളും എല്ലാ വിധ സഹായങ്ങളുമായി ഒപ്പമെത്തി. വ്യാപാരികള്‍ സ്ഥാപനങ്ങളില്‍ നിന്ന് പുതിയ വസ്ത്രങ്ങളും ചെരുപ്പുകളുമൊക്കെ കുട്ടികളുടെ കടയില്‍ എത്തിച്ച് നല്‍കി. കുട്ടിയുടുപ്പും ജീന്‍സും സാരിയും ചുരിദാറും അടക്കം 1000 ത്തിലധികം വസ്ത്രങ്ങളുടെ ശേഖരമാണ് കരുണയുടെ കടയിലുള്ളത്.

ചെരുപ്പുകള്‍, കളിപ്പാട്ടങ്ങള്‍, വള, മാല തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വേറെയുമുണ്ട്. ഒരു മാസത്തിലേറെ സമയമെടുത്താണ് കുട്ടികള്‍ കടയിലേയ്ക്ക് വേണ്ട സാധനങ്ങള്‍ ശേഖരിച്ചത്. മാതാപിതാക്കളും അദ്ധ്യാപകരും ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി എത്തി. ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപയുടെ വസ്ത്രങ്ങളാണ് സൗജന്യമായി വിതരണം ചെയ്യുന്നതിന് എത്തിച്ചിരിക്കുന്നത്.

നിര്‍ധനരായ ആവശ്യക്കാര്‍ക്ക് കടയില്‍ എത്തി തങ്ങള്‍ക്ക് ഇണങ്ങുന്നവ സൗജന്യമായി എടുക്കാം. പാരിഷ് ഹാളില്‍ സജ്ജീകരിച്ചിരിക്കുന്ന കടയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ.ജോസഫ് തച്ചുകുന്നേല്‍ നിര്‍വ്വഹിച്ചു.