കൊയിലാണ്ടിയിൽ കട തുറന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ പി ശ്രീധരനെ സമരാനുകൂലികൾ കടക്ക് അകത്തിട്ടു പൂട്ടി

കോഴിക്കോട്: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലിൽ കടകൾ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാനത്ത് കടകൾ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് സംഘടനാ നേതാക്കളുടെ പ്രഖ്യാപനം. അതേ സമയം തുറന്ന കടകൾക്ക് നേരെ വ്യാപക ആക്രമണമാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്

സൗത്ത് കളമശ്ശേരിയിൽ മുട്ട വിതരണക്കാരനെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു ,വിൽപനക്ക് കൊണ്ടുവന്ന മുട്ടകൾ ഹര്‍ത്താലനുകൂലികൾ നശിപ്പിച്ചു. നോർത്ത് കളമശ്ശേരി മാർക്കറ്റിലുള്ള മുട്ട കടയിൽ നിന്നും സൗത്ത് കളമശ്ശേരിയിലെ തുറന്നിരുന്ന കടകളിൽ മുട്ട വിതരണത്തിനെത്തിയ മണ്ണോപ്പിളളി വീട്ടിൽ അസീസിന്റെ വാഹനം തടഞ്ഞാണ് യൂത്ത് കോൺഗ്രസുകാർ മുട്ടകൾ എറിഞ്ഞുടച്ചത്.

കൊയിലാണ്ടിയിൽ കട തുറന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ പി ശ്രീധരനെ സമരാനുകൂലികൾ കടക്ക് അകത്തിട്ടു പൂട്ടി. പൊലീസെത്തിയാണ് വ്യാപാരി സംഘടനാ നേതാവിനെ രക്ഷിച്ചത്

ഇടുക്കി രാജാക്കാട് വ്യാപാരികളും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷമായി.കട തുറക്കാൻ എത്തിയവരെ യൂത്ത് കോൺഗ്രസുകാർ തടഞ്ഞു. അതേസമയം തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളെ ഹര്‍ത്താലിൽ നിന്ന് ഒഴിവാക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു