വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് ഇന്നലെ പരിപാടി റദ്ദാക്കി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ വേദി വിട്ടത്.
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിൻെറ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചതിലെ വീഴ്ച ആരോപിച്ച് അസി. മോട്ടോർ വാഹന കമ്മീഷണർ വി.ജോയിക്ക് കാരണം കാണിക്കൽ നോട്ടീസ്. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് ഇന്നലെ പരിപാടി റദ്ദാക്കി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ വേദി വിട്ടത്. അതേ സമയം മന്ത്രിക്കെതിരെ ഉദ്യോഗസ്ഥരുടെ വാട് ആപ്പ് ഗ്രൂപ്പുകളിൽ രൂക്ഷ വിമര്‍ശമാണ് ഉയരുന്നത്.
എംവിഡിയുടെ 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് താൻ പറഞ്ഞതു പോലെ നടപ്പാക്കാത്തതിൽ രോഷം പ്രകടിപ്പിച്ചാണ് പരിപാടി റദ്ദാക്കി മന്ത്രി ഗണേഷ് കമാര്‍ വേദി വിട്ടത്. പിന്നാലെയാണ് ഗതാഗത കമ്മീഷണറേറ്റിലെ അസി. ഗതാഗത കമ്മീഷണർ വി.ജോയിയോട് വിശദീകരണം തേടിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഫ്ലാഗ് ഓഫ് ഗംഭീരമാക്കാനായിരുന്നു മന്ത്രിയുടെ പദ്ധതി. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ യോഗം വിളിച്ചു. ജോയിൻ് കമ്മീഷണർക്കും അസി.ട്രാൻസ്ഫോർട്ട് കമ്മീഷണർക്കും നിർദ്ദേശങ്ങള്‍ നൽകി. കനകകുന്ന് പാലസിന് മുന്നിൽ പുതിയ വാഹനങ്ങള്‍ ഇടണമെന്നായിരുന്നു നിര്‍ദ്ദേശം.
എന്നാൽ ടൈൽസ് പൊട്ടുമെന്ന് പറഞ്ഞ് ടൂറിസം വകുപ്പ് അനുമതി നിഷേധിച്ചു. എന്നാൽ ഇക്കാര്യം വി. ജോയി മന്ത്രി ഓഫീസിനെയോ ഉന്നത ഉദ്യോഗസ്ഥരെയോ അറിയിച്ചില്ല. ആർടിഒമാരെയോ മറ്റ് ഉദ്യോഗസ്ഥരെയോ ക്ഷണിച്ചില്ല. വാഹനമെടുക്കാൻ വന്ന ഉദ്യോഗസ്ഥരാരും പുറത്തിറങ്ങാത്തതിലും മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. എന്നാൽ വേദിയിൽ വച്ച് മന്ത്രി തട്ടിക്കയറിയതിലാണ് ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷം. സര്‍വീസിലുള്ളവരും വിരമിച്ചവരും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മന്ത്രിയുടെ നടപടിയെ വിമര്‍ശിക്കുന്നു. മന്ത്രി വിചാരിച്ച പോലെ പരിപാടി നടക്കാത്തതിൻെറ പേരിൽ ഒരു ഉദ്യോഗസ്ഥനെതിരെ എങ്ങനെ നടപടിയെടുക്കമെന്നാണ് ചോദ്യം. അടുത്ത മാസം 20ന് ശേഷം ഫ്ലാഗ് ഓഫ് വിപുലമായി നടത്താനാണ് മന്ത്രിയുടെ തീരുമാനം.



