കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപി എം പ്രവര്‍ത്തകര്‍ ആകാശ് തില്ലങ്കേരിയേയും റജില്‍ രാജിനേയും നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡില്‍ വിട്ടു. അതേസമയം അഞ്ച് പേരെ കൂടി പിടികൂടി. മൂന്നുപേരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് എസ്. പി ജി. ശിവ വിക്രം വ്യക്തമാക്കി.

അഷ്കര്‍, അഖില്‍, അന്‍വര്‍ എന്നിവരാണ് പിടിയിലായത്. കര്‍ണാടകയിലെ വിരാജ്പേട്ടയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അഷ്കര്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന ആളാണെന്ന് എസ്. പി ജി. ശിവ വിക്രം വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും ആയുധങ്ങളും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഈ മാസം 12 നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ഷുഹൈബിനെ വെട്ടുകയായിരുന്നു.