കണ്ണൂര്‍: യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിന്റെ കൊലപാതകത്തില്‍ നാല് പേർ കസ്റ്റഡിയിലെന്ന് സൂചന. എന്നാൽ വിവരങ്ങളൊന്നും പുറത്തുപറയാറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 11.30 ഓടെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ശുഹൈബ് വധക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം ഇന്നവസാനിപ്പിക്കും. എന്നാല്‍ ഇതേയാവശ്യമുന്നയിച്ച് രാവിലെ 10 മണിക്ക് യൂത്ത് കോൺഗ്രസ് ഉപവാസ സമരം ആരംഭിക്കും. കണ്ണവത്തെ ശ്യാമപ്രസാദ് വധത്തിൽ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മഹിളാ മോർച്ചയും സമരം തുടങ്ങും.