തെന്‍മല എസ് ഐക്കെതിരെ ആരോപണം ആരോപണം നിഷേധിച്ച് എസ് ഐ

കൊല്ലം: പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എസ് ഐ അപമാനിച്ചതായി മുഖ്യമന്ത്രിക്ക് പരാതി. തെന്‍മല എസ് ഐ പ്രവീണ്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാരോപിച്ച് ആര്യങ്കാവ് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് എസ്ഐയുടെ പ്രതികരണം.

ആര്യങ്കാവ് സ്വദേശിയായ യുവതി ഭര്‍ത്താവുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തന്‍റെ മാതാപിതാക്കളുടെ പേരിലുള്ള മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ഇവരുടെ മാതാപിതാക്കളെത്തി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. ഇതേക്കുറിച്ച് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ എസ് ഐ മോശമായി സംസാരിച്ചെന്നാണ് ആരോപണം. വീട്ടില്‍ നിന്ന് ഇറക്കി വിട്ടാല്‍ തനിക്കും രണ്ട് പെണ്‍മക്കള്‍ക്കും കിടക്കാന്‍ വേറെ സ്ഥലമില്ലെന്ന് പറഞ്ഞപ്പോഴായിരുന്നു മോശം പരാമര്‍ശം.

യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പുനലൂര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. എന്നാല്‍ അടിസ്ഥാനരഹിതമായ പരാതി നല്‍കിയ യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എസ്ഐയുടെ വിശദീകരണം.