കൊച്ചി: മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കൊച്ചിയില്‍ ആത്മഹത്യ ചെയ്ത പ്രൊബേഷന്‍ എസ്ഐയുടെ ആത്മഹത്യാ കുറിപ്പ്. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ. ജെ.പീറ്റര്‍, എസ്ഐ വിപിന്‍ദാസ് എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം സ്വദേശിയായ ടി.ഗോപകുമാറിന്‍റെ കത്തില്‍ പരാമര്‍ശമുള്ളത്. തന്‍റെ മൃതദേഹം പോലും ഇവരെ കാണിക്കരുതെന്നാണ് കുറിപ്പില്‍ പറയുന്നത്.

നോർത്ത് റെയിൽവേ സ്റ്റേഷന് സമീത്തെ ലോഡ്ജ് മുറിയിലാണ് ഗോപകുമാറിനെ യൂണീഫോമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഔദ്യോഗിക ജീവിതത്തില്‍ താങ്ങാന്‍ കഴിയാത്ത സമ്മര്‍ദ്ദത്തിലാണെന്ന് മൃതേദേഹത്തില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ പറയുന്നു.

എസ്എച്ച്ഓ കെ.ജെ.പീറ്ററും എസ്.ഐ.വിപിന്‍ ദാസും ചേര്‍ന്ന് തുടര്‍ന്ന് ജീവിക്കാന്‍ കഴിയാത്തത്ര മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കുന്നുവെന്നു കത്തില്‍ പറയുന്നു. കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കും വരെ നിയമപോരാട്ടം നടത്തുമെന്ന് ഗോപകുമാറിന്‍റെ അമ്മാവനും ജേഷ്ഠനും പറഞ്ഞു.

ഒരു മാസത്തിനിടെ കൊച്ചി നഗരത്തിലെ രണ്ടാമത്തെ പൊലീസ് ആത്മഹത്യയാണിത്. കടവന്ത്ര സ്റ്റേഷനിലെ എഎസ്ഐ ഈ മാസം ആദ്യം ആത്ഹത്യ ചെയ്തിരുന്നു. ഗോപകുമാറിന്‍റെ മരണത്തെ കുറിച്ച് ഡിസിപിയാണ് അന്വേഷിക്കുന്നത്. വിഷയം ഗൗരവത്തിലാണെടുക്കുന്നതെന്ന് ഡിജിപിയും പ്രതികരിച്ചു.
തിരുവന്തപുരം ഊരുട്ടന്പലം സ്വദേശിയായ ഗോപകുമാര്‍ എക്സൈസില്‍ നിന്ന് അടുത്തിടെയാണ് പൊലീസില്‍ എത്തിയത്.