വാഹനപരിശോധനയ്ക്കിടെ അപകടമരണം: എസ്ഐക്ക് സസ്പെൻഷൻ

First Published 25, Mar 2018, 12:50 PM IST
si suspended for accident during vehicle inspection
Highlights
  • വാഹനപരിശോധനയ്ക്കിടെ അപകടമരണത്തില്‍ എസ്ഐക്ക് സസ്പെൻഷൻ
  • രണ്ട് സിവിൽ പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണവുമുണ്ട്

ആലപ്പുഴ: കഞ്ഞിക്കുഴി എസ്ഐക്ക് സസ്പെൻഷൻ. വാഹനപരിശോധനയ്ക്കിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കാനിടയായ സംഭവത്തിലാണ് നടപടി. എസ്ഐ എസ് സോമനെയാണ് സസ്പെൻറ് ചെയ്തത്. രണ്ട് സിവിൽ പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണവുമുണ്ട്. 


സിനിമാ സ്റ്റൈലില്‍ നടന്ന പൊലീസ് വാഹനപരിശോധനയെ തുടര്‍ന്ന് ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ കൂത്തക്കര വീട്ടില്‍ ഷേബുവിന്റെ ഭാര്യ സുമി (35) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചത്.  അപകടത്തില്‍പ്പെട്ട് പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന്‍ ബിച്ചു (24) നേരത്തെ മരിച്ചിരുന്നു.

സുമിയുടെ സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി. കഴിഞ്ഞ 11 ന് ഷേബുവും കുടുംബവും  ബന്ധുവിന്റെ കുട്ടിയെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് അപകടം. ചേര്‍ത്തല എസ് എന്‍ കോളജിന് മുന്നില്‍ പൊലീസ് പരിശോധന നടത്തുമ്പോള്‍ നിര്‍ത്താതെ പോയ ബൈക്കുകാരനെ പിടിക്കാന്‍ ജീപ്പ് കുറുകെയിട്ട് നിര്‍ത്തുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ബൈക്കിടിച്ച് പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന്‍ ബിച്ചു (24) ആണ് മരിച്ചത്. 

ബിച്ചു ഓടിച്ച ബൈക്ക് ഷേബുവും കുടുംബം സഞ്ചരിച്ച ബൈക്കിലാണ് ഇടിച്ചത്.  ചെത്ത് തൊഴിലാളിയായ ഷേബു നട്ടെല്ല് തകര്‍ന്ന് ഇടതു കയ്യും കാലും ഒടിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. മക്കളായ ഹര്‍ഷയും ശ്രീലക്ഷ്മിയും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. 

loader