Asianet News MalayalamAsianet News Malayalam

മാധ്യമ പ്രവര്‍ത്തകരെ പൂട്ടിയിട്ട എസ്.ഐക്ക് സസ്പെന്‍ഷന്‍

si vimod kumar suspended
Author
First Published Jul 30, 2016, 10:47 AM IST

രാവിലെ കോഴിക്കോട് ഐസ്ക്രീം കേസ് പരിഗണിക്കുന്ന കോടതിക്ക് പുറത്തുനിന്ന മാധ്യമ പ്രവര്‍ത്തകരെ ഇയാള്‍ അകാരണമായി മര്‍ദ്ദിക്കുകയും ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് എഡിജിപിയോട് സംഭവത്തില്‍ അന്വേഷണം നടത്തി ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ലോക്നാഥ് ബെഹറ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ ഇയാളെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്താനും നിര്‍ദ്ദേശിച്ചു. അല്‍പം മുമ്പ് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എസ്ഐ വിമോദ് കുമാര്‍ പരിധിവിട്ട് പ്രവര്‍ത്തിച്ചെന്നും ആരുടെയും നിര്‍ദ്ദേശമില്ലാതെയാണ് മാധ്യമ പ്രവര്‍ത്തകരെ എസ്.ഐ തടഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 

രാവിലെ പൊലീസ് പിടിച്ചെടുത്ത ഡിഎസ്എന്‍ജി വാഹനം തിരിച്ചെടുക്കുന്നതിനെ ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തെ വീണ്ടും എസ്.ഐ വിമോദ് ആക്രമിച്ചു. മാധ്യമ പ്രവര്‍ത്തകരെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനകത്തേക്ക് കൊണ്ടുപോയ വിമോദ്, അവരെ സ്റ്റേഷനുള്ളില്‍ പൂട്ടിയിട്ടു. മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ അകത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ സ്റ്റേഷന്റെ ഗ്രില്ലും ഇയാള്‍ പൂട്ടിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറയുകയും ഇവര്‍ക്കെതിരെ കള്ളക്കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  ഇതിന്റെ കൂടി  അടിസ്ഥാനത്തിലാണ് എസ്.ഐ വിമോദിനെ ഉടന്‍ സസ്പെന്റ് ചെയ്യാന്‍ ഡിജിപി ഉത്തരവിട്ടത്.

Follow Us:
Download App:
  • android
  • ios