കർണാടകത്തിൽ ജനം വിധിയെഴുതിയതോടെ കൂട്ടിക്കിഴിക്കലുകൾ നടത്തുകയാണ് പാർട്ടികൾ

ബംഗലൂരൂ: കർണാടകത്തിൽ ജനം വിധിയെഴുതിയതോടെ കൂട്ടിക്കിഴിക്കലുകൾ നടത്തുകയാണ് പാർട്ടികൾ. ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലെത്തുമെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ എക്സിറ്റ് പോളുകൾ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ബംഗലൂരുവിൽ പാർട്ടിനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തൂക്കുസഭ വരുന്ന സാഹചര്യമുണ്ടായാൽ ജെഡിഎസ് നിർണായകശക്തിയാകുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പറയുന്നത്.

70.91ശതമാനം പോളിങ്ങാണ് കർണാടകത്തിൽ രേഖപ്പെടുത്തിയത്. എക്സിറ്റ് പോളുകൾ ബിജെപിയെ തുണക്കുമ്പോഴും കോൺഗ്രസിന് സാധ്യത ബാക്കികിടക്കുന്നു.ഭരണവിരുദ്ധ വികാരം കാര്യമായി ഏശില്ലെന്ന് ആശ്വാസം കൊളളുകയാണ് കോൺഗ്രസ്. ക്ഷേമപദ്ധതികളും സിദ്ധരാമയ്യയുടെ ജാതി സമവാക്യങ്ങളും പരീക്ഷിക്കപ്പെട്ടു. അഹിന്ദു മാത്രമല്ല ലിംഗായത്ത് പിന്തുണയും ഉറപ്പായെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

സിദ്ധരാമയ്യ ഹിന്ദുവിരുദ്ധനെന്നും ടിപ്പുജയന്തിയുടെ ആളെന്നുമുളള പ്രചാരണം വിജയം കണ്ടെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. തീരമേഖലയിലെ വോട്ട് ശതമാനം കൂടിയത് മുംബൈ കർണാടകത്തിലും പ്രതിഫലിച്ചാൽ കോൺഗ്രസിനവിടെ നിലം തൊടാനാകില്ലന്ന് ബിജെപിയുടെ അവകാശ വാദം.എക്സിറ്റ് പോളുകൾ സന്തോഷിപ്പിക്കുന്നത് കുമാരസ്വാമിയെ ആണ്.വിലപേശാൻ അവസരമുണ്ടാകുമെന്ന് എല്ലാവ സർവേകളും പറയുന്നു.മൈസൂരു മേഖലയിൽ കേന്ദ്രീകരിച്ച് പ്രചാരണം നയിച്ച ജെഡിഎസ് കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുന്നു. 

തൂക്കുസഭ വന്നാൽ 2006ലേത് പോലെ ബിജെപിക്ക് പിന്തുണ നൽകില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിക്കഴിഞ്ഞു.കുമാരസ്വാമിയെ കുടുംബത്തിൽ നിന്ന് പുറത്താക്കും ബിജെപിയുമയായി ചേർന്നാലെന്ന് ദേവഗൗഡയും പറയുന്നു. എങ്ങനെ, എന്തെന്ന് ചൊവ്വാഴ്ച അറിയാം.