ബംഗളുരു: പത്മശ്രീ പുരസ്‌കാരം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിദ്ധേശ്വര്‍ സ്വാമിയുടെ കത്ത്. സന്യാസിയായതിനാല്‍ ഇത്തരം പുരസ്‌കാരങ്ങളില്‍ തനിക്ക് തീരെ താത്പര്യമില്ലെന്നായിരുന്നു സിദ്ധേശ്വര്‍ സ്വാമിയുടെ വിശദീകരണം. കര്‍ണാടകയില്‍ നിന്നുള്ള ആത്മീയ ഗുരുവാണ് സിദ്ധേശ്വര്, പത്മശ്രീ പുസ്‌കാരം നല്‍കിയതിന് നന്ദിയറിയിക്കുന്നതിനൊപ്പം ഏറ്റവും മൂല്യമുള്ള പുരസ്കാരം തിരസ്കരിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

സര്‍ക്കാരിനോടുള്ള സ്‌നേഹം നിലനിര്‍ത്തിക്കൊണ്ടുതന്നെ പുരസ്‌കാരം സ്വീകരിക്കുന്നതിനുള്ള വിമുഖത അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. സന്യാസിയെന്ന നിലയില്‍ പുരസ്‌കാരങ്ങളില്‍ തത്പരനല്ല, പത്മശ്രീ സ്വീകരിക്കാത്ത തന്റെ തീരുമാനത്തെ താങ്കള്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സിദ്ധേശ്വര്‍ സ്വാമി കത്തില്‍ വ്യക്തമാക്കി. ആത്മീയ ദര്‍ശനങ്ങളടങ്ങിയ നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഈ വര്‍ഷം 85 പേര്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.