തെക്കൻ കൊറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനാഗ്രഹിക്കുന്നു, എന്നാൽ ഇത് ഉടനുണ്ടാകില്ല വടക്കന്‍ കൊറിയയ്ക്ക് മേലുളള ഉപരോധങ്ങൾ തല്‍ക്കാലം തുടരുമെന്ന് അമേരിക്ക
സിംഗപ്പൂര്: വടക്കന് കൊറിയയ്ക്ക് മേലുളള ഉപരോധങ്ങൾ തല്ക്കാലം തുടരുമെന്ന് അമേരിക്ക. കൊറിയയിൽ സമ്പൂര്ണ ആണവ നിരായുധീകരണം ഉറപ്പുവരുത്തുമെന്ന കാര്യത്തിൽ കിം ഉറപ്പ് നൽകിയെന്ന് ട്രംപ് പ്രതികരിച്ചു. തെക്കൻ കൊറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനാഗ്രഹിക്കുന്നു, എന്നാൽ ഇത് ഉടനുണ്ടാകില്ലെന്ന് ട്രംപ് വിശദമാക്കി. കൂടിക്കാഴ്ച ഇരുരാജ്യങ്ങൾക്കുമിടയിൽ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചെന്നാണ് ട്രംപ് കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്.
സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കാപെല്ലോ ഹോട്ടലിൽ കൊറിയൻ മേഖലയിലെ സമാധാന ശ്രമങ്ങളിലേക്കാണ് ട്രംപും കിം ജോങ് ഉന്നും കൈകൊടുത്തത്. മഹത്തരമായ കൂടിക്കാഴ്ച നടന്നതെന്നും സമാധാനം കൊണ്ടുവരാനാണ് തന്റെ ശ്രമമെന്നും ട്രംപ് പറഞ്ഞു. ചരിത്രപരമായ കൂടിക്കാഴ്ചയെന്നും ഭൂതകാലം മറന്നുകൊണ്ടുളള ബന്ധത്തിന് തുടക്കമായെന്നുമായിരുന്നു കിമ്മിന്റെ പ്രതികരണം. നിരവധി മാറ്റങ്ങൾക്ക് ലോകം ഉടൻ സാക്ഷ്യം വഹിക്കുമെന്നും കിം പറഞ്ഞു.
കൃത്യം ഏഴ് മാസം മുമ്പുള്ള ട്വീറ്റിൽ കിം ജോങ് ഉന്നിനെ കുള്ളനെന്ന് കളിയാക്കിയ ട്രംപ്, വളരെ കഴിവുള്ളവാനാണ് ഉത്തരകൊറിയൻ ഭരണാധികാരിയെന്നാണ് ഇന്ന് വിശേഷിപ്പിച്ചത്. കൂടുതൽ ചര്ച്ചകൾക്കായി കിമ്മിനെ വൈറ്റ് ഹൗസിലേക്കും ട്രംപ് ക്ഷണിച്ചു.
പരിഭാഷകരുടെ സഹായത്തോടെ 45 മിനിറ്റോളം നീണ്ടുനിന്ന സൗഹൃദ സംഭാഷണത്തിന് ശേഷമാണ് ട്രംപും കിമ്മും നയതന്ത്രജ്ഞരോടൊത്തുള്ള ചര്ച്ചയിലേക്ക് നീങ്ങിയത്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ചര്ച്ചയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പാംപയോയും , കിമ്മിന്റെ സഹോദരി കിം യോ ജോങ്ങും ഭാഗമായി.
