Asianet News MalayalamAsianet News Malayalam

അപകടം തുടര്‍ക്കഥയാവുന്നു; സിഗ്നേച്ചർ പാലത്തിൽ രണ്ട് ദിവസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

രാവിലെ 8.20നാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് തെന്നിയ ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയും ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും ശങ്കറിന് തലയ്ക്ക് ഗുരുതരമായ പരുക്കേൽക്കുകയുമായിരുന്നു. അതേ സമയം ഡിവൈഡറില്‍ ഇടിക്കും മുമ്പ് ശങ്കറിന്റെ ഹെല്‍മെറ്റ് ഊരി തെറിച്ചതായി ദീപക് പൊലീസിനോട് പറഞ്ഞു.

Signature BridgeThird Death In 2 Days
Author
Delhi, First Published Nov 24, 2018, 1:48 PM IST

ദില്ലി: കുത്തബ് മിനാറിനേക്കാള്‍ ഇരട്ടി ഉയരത്തില്‍ ദില്ലിയില്‍ പണികഴിപ്പിച്ച സിഗ്നേച്ചർ പാലത്തില്‍ അപകടം തുടര്‍ക്കഥയാവുന്നു. ഇന്നുണ്ടായ അപകടത്തില്‍ ഇരുപത്തിനാലുകാരന്‍ മരിച്ചതോടെ രണ്ട് ദിവസത്തിനുള്ളില്‍ ഇവിടെ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. ഗാസിയാബാദ് സ്വദേശിയായ ശങ്കർ(24)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അര്‍ദ്ധസഹോദരനായ 17കാരന്‍ ദീപക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട്  ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. 

രാവിലെ 8.20നാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് തെന്നിയ ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയും ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും ശങ്കറിന് തലയ്ക്ക് ഗുരുതരമായ പരുക്കേൽക്കുകയുമായിരുന്നു. അതേ സമയം ഡിവൈഡറില്‍ ഇടിക്കും മുമ്പ് ശങ്കറിന്റെ ഹെല്‍മെറ്റ് ഊരി തെറിച്ചതായി ദീപക് പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച്ച ഉണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥികളായ സത്യ വിജയ് ശങ്കരൻ, ചന്ദ്രശേഖർ എന്നിവരാണ് മരിച്ചത്. സെൽഫി എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്‍റെ ഡിവൈഡറിൽ ഇടിക്കുകയും യുവാക്കൾ റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. യമുന നദിക്ക് കുറകെ നിർമിച്ച സിഗ്നേച്ചർ പാലം നവംബർ നാലിനാണ് വാഹനങ്ങൾക്കായി തുറന്നു കൊടുത്തത്.

ഇന്ത്യയില്‍ ആദ്യമായാണ് വ്യത്യസ്ത വശങ്ങളോടു കൂടിയ തൂണില്‍നിന്ന് കേബിള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം നിര്‍മ്മിക്കുന്നത്. യമുനാ നദിക്ക് കുറുകെ വടക്കന്‍ ദില്ലിയേയും വടക്ക്-കിഴക്കന്‍ ദില്ലിയേയും ബന്ധിപ്പിക്കുന്ന സിഗ്നേച്ചര്‍ ബ്രിഡ്ജ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഉദ്ഘാടനം ചെയ്തത്. എട്ട് വരിയും 675 മീറ്റര്‍ നീളവുമുള്ളതാണ് പാലം. 2214 അടി നീളമുള്ള അസിമെട്രിക്കൽ ബ്രിഡ്ജ് ഉരുക്ക് കേബിളുകൾ ഉപയോഗിച്ചാണ് ബലപ്പെടുത്തിയിട്ടുള്ളത്. 154 മീറ്ററാണ് പാലത്തിന്റെ ഉയരം. 
 

Follow Us:
Download App:
  • android
  • ios