മെല്‍ബണ്‍: ശിരോവസ്ത്രം ധരിക്കുന്നതിന്‍റെ പേരില്‍ മകന് സ്കൂളില്‍ പ്രവേശനം നല്‍കാത്തതിനെതിരെ നിയമപോരാട്ടത്തിലേര്‍പ്പെട്ട മാതാപിതാക്കള്‍ക്ക് ഒടുവില്‍ വിജയം. ആസ്ട്രേലിയയില്‍ സ്ഥിര താമസമാക്കിയ സിഖ് കുടുംബത്തിലെ ബാലനാണ് മതവിശ്വാസം മൂലം വിദ്യാഭാസം നിഷേധിക്കപ്പെട്ടത്. സാഗര്‍ദീപ് സിംഗിന്‍റെയും ഭാര്യ അനുരീതിന്‍റെയും മകനായ അഞ്ചു വയസ്സുകാരന്‍ സിദ്ദിഖ് അറോറയ്ക്കാണ് ഈ ദുര്‍ഗതി നേരിട്ടത്.

വീടിനടുത്തുള്ള മെല്‍റ്റണ്‍ ക്രിസ്റ്റ്യന്‍ കോളേജിലായിരുന്നു മാതാപിതാക്കള്‍ മകന്‍റെ സ്കൂള്‍ പ്രവേശനത്തിന് ശ്രമിച്ചത് എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരു അടയാളങ്ങളും കുട്ടികള്‍ ധരിക്കരുതെന്ന് കര്‍ശനമായ നിയന്ത്രണമുണ്ട് ഈ സ്കൂളില്‍. ഇതേതുടര്‍ന്ന് മതവിശ്വാസത്തിന്‍റെ ഭാഗമായി ശിരോവസ്ത്രം ധരിക്കുന്നതിനാല്‍ കുട്ടിയുടെ പ്രവേശനം നിഷേധിക്കുകയായിരുന്നു.

സ്കൂള്‍ അധികൃതരില്‍ നിന്ന് മകന് പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ നിയമപോരാട്ടത്തിലേര്‍പ്പെടുകയായിരുന്നു. എല്ലാവര്‍ക്കും തുല്ല്യ അവസരങ്ങള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അതിന്‍റെ പരസ്യമായ ലംഘനമാണ് മെല്‍റ്റണ്‍ ക്രിസ്റ്റ്യന്‍ കോളേജ് കാണിച്ചതെന്നായിരുന്നു മാതാപിതാക്കളുടെ വാദം. മാതാപിതാക്കളുടെ വാദത്തിന് അനുകൂലമായി കോടതി വിധി വരുകയും എല്ലാ മതവിശ്വാസത്തിലുമുള്ള കുട്ടികളെയും സ്കൂള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.