കൊച്ചി: അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോയുടെ ഭൗതികശരീരം നാളെ കൊച്ചി മെഡിക്കൽ കോളേജിന് കൈമാറും. സൈമൺ ബ്രിട്ടോയടെ ആഗ്രഹപ്രകാരമാണ് വൈദ്യശാസ്ത്ര വിദ്യാർഥികളുടെ പഠനത്തിനായി മൃതദേഹം നൽകുന്നതെന്ന് സിപിഎം എറണാകുളം ജില്ലാ നേതൃത്വം അറിയിച്ചു. ഇന്ന് രാത്രിയോടെ കൊച്ചിയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ ടൗൺഹാളിൽ പൊതുദ‍ർശനത്തിന് വയ്ക്കും. 

തന്‍റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ നൽകണമെന്നത് സൈമൺ ബ്രിട്ടോയുടെ ആഗ്രഹമായിരുന്നു. ഭാര്യ സീന ഭാസ്കറോട് മുന്നേ തന്നെ അതു പറഞ്ഞിരുന്നു. സൈമൺ ബ്രിട്ടോയുടെ ഈ ആഗ്രഹം കണക്കിലെടുത്താണ് സംസ്കാരചടങ്ങുകൾ ഉപേക്ഷിച്ചത്. എറണാകുളം ടൗൺഹാളിലെ നാളത്തെ പൊതു ദർശനത്തിന് ശേഷം മൃതദേഹം കൊച്ചി സഹകരണ മെഡിക്കൽ കോളജിന് കൈമാറും

തൃശൂ‍രിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  ഇന്നു രാത്രി കൊച്ചി വടുതലയിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 11 വരെ മൃതേഹം വീട്ടിൽ സൂക്ഷിക്കും. തുടർന്ന് മൃതദേഹം എറണാകുളം ടൗൺഹാളിലേക്ക് മാറ്റും. പൊതുദർശനത്തിനുശേഷം വൈകിട്ട് വൈകിട്ട് മൂന്നുമണിയോടെ കൊച്ചി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.