2016 ജൂണ്‍ 6നാണ് ചിറ്റിലഞ്ചേരിക്കാനായ ഷക്കീര്‍ ഹുസൈനും കാസര്‍കോഡ് സ്വദേശികളായ ദിലീപും ജോബിന്‍സും സിംഗപ്പൂരില്‍ ജോലി ലഭിക്കുന്നതിനുള്ള വിസയ്‌ക്ക് പണം നല്‍കിയത്. ഗുജറാത്ത് സ്വദേശി നിമേഷ്ഭായ് പട്ടേല്‍, കൊല്‍ക്കത്ത സ്വദേശി കൃഷ്ണ എന്നിവര്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലില്‍ വച്ച് ചിറ്റിലഞ്ചേരി സ്വദേശി സുമേഷ് എന്ന ഇടനിലക്കാരന്‍ വഴി പണം കൈമാറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വിസയും വിമാനടിക്കറ്റും ഹോട്ടല്‍ പാസും അടക്കം എല്ലാ രേഖകളും ഇവര്‍ക്ക് നല്കി. എന്നാല്‍ ജൂണ്‍ 15ന് സാങ്കേതികപ്രശ്നങ്ങള്‍ ഉണ്ടായെന്നറിയിച്ച് യാത്ര നീട്ടിവച്ചതായി മൂന്നംഗസംഘം ഇവരെ അറിയിച്ചു. ഒരു മാസം കഴിഞ്ഞതോടെ സംഘത്തെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നായി. പിന്നീട് നടത്തിയ പരിശോധനയിലാണ് വ്യാജ വിസയാണ് സംഘം നല്‍കിയതെന്ന് മനസിലായത്.

പരാതിക്കാര്‍ അമ്പലമേട് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടനിലക്കാരനായ ചിറ്റിലഞ്ചേരി സ്വദേശി സുമേഷിനെ അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ ജാമ്യത്തിലിറങ്ങി. കേരളത്തില്‍ പലയിടങ്ങളില്‍ നിന്നായി 40 പേരില്‍നിന്ന് മൂന്നംഗസംഘം ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. ഒളിവില്‍പോയ പ്രധാന പ്രതികളെ പിടികൂടണമെന്നും പണം തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.