കൊച്ചി: സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. ജോലിക്ക് സൗജന്യ വിസയെന്ന വ്യാജേന പോസ്റ്ററുകൾ തയ്യാറാക്കി വിവിധ ജില്ലകളിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി.

തൃശൂർ സ്വദേശികളായ സുശാന്ത്, സജീഷ്, കണ്ണൂർ സ്വദേശി മാത്യു എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നാല്പതിനായിരം മുതൽ അമ്പതിനായിരം വരെ പ്രതിമാസ ശബളം, അക്കൗണ്ടന്‍റ് മുതൽ സിംഗപ്പൂരിൽ ഷെഫ് വരെ, 11 ജോലികളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് കൊണ്ടുള്ള പോസ്റ്ററുകൾ വിവിധ ജില്ലകളിൽ ഇവർ പ്രചരിപ്പിച്ചിരുന്നു.പോസ്റ്ററിൽ പരസ്യപ്പെടുത്തിയ നമ്പറിലേക്ക് വിളിക്കുന്നവരെ ഇടപ്പള്ളിയിലേക്ക് വിളിച്ച് വരുത്തും. അവരിൽ നിന്നും 2500 രൂപയും സർട്ടിഫിക്കറ്റും വാങ്ങി വയ്ക്കും. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി സംബന്ധിച്ച് ഒരു വിവരം ലഭിക്കാത്തതിനെ തുടർന്നാണ് ഉദ്യോഗാർത്ഥികളിൽ ചിലർ പൊലീസിൽ പരാതിപ്പെട്ടത്.

200ഓളം ഉദ്യോഗാർത്ഥികളിൽ നിന്ന് 2500 രൂപയായി അഞ്ച് ലക്ഷത്തിലധികം രൂപാണ് ഇവർ ഇത് വരെ തട്ടിച്ചെടുത്തത്.ചെറിയ തുകയായതിനാൽ അധികമാരും പണം തിരികെ ആവശ്യപ്പെട്ടിരുന്നില്ല,ഇത് മുതലെടുത്തായിരുന്നു കൊച്ചി കേന്ദ്രീകരിച്ച് ഇവർ തട്ടിപ്പ് വ്യാപിപ്പിച്ചത്. കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.