സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് നാളെ 25 വര്‍ഷം തികയുന്നു. രണ്ടു വൈദികരെയും കന്യാസ്‌ത്രീയെയും പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് എട്ടു വര്‍ഷമായിട്ടും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല . വിചാരണ ഇനിയും വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ പറഞ്ഞു.

കോട്ടയത്ത് പയസ് ടെന്‍ത് കോണ്‍വെന്‍റില്‍ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ടത് 1992 മാര്‍ച്ച 27ന് . ആദ്യം ലോക്കല്‍ പൊലീസിന്‍റെ അന്വേഷണം. പിന്നീട് ക്രൈംബ്രാഞ്ച്. പ്രതികളെ ആരെയും പിടികൂടിയില്ല. സിബിഐ അന്വേഷണം ഏറ്റെടുത്തെങ്കിലും പ്രതികളെ പിടിക്കാനായില്ലെന്ന് പറഞ്ഞ് മൂന്നു തവണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതു തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ അഭയ കൊല്ലപ്പെട്ട് 16 വര്‍ഷങ്ങള്‍ക്കു ശേഷം വൈദികരായ തോമസ് കോട്ടൂരിനെയും ജോസ പുതൃക്കയിലിനെയും സിസ്റ്റര്‍ സെഫിയെയും അറസ്റ്റു ചെയ്തു. 2009 ജൂലൈ 17ന് സിബിഐ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല.

വിചാരണ വേഗത്തിലാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിബിഐ ഡയറക്ടറെ സമീപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.