2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. 

കോട്ടയം: പാലായിൽ കന്യാസ്ത്രീയായ അമലയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. സതീഷ് ബാബുവിന് ആജീവനാന്തം തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് അല്ലെന്ന് വാദിച്ച പ്രോസിക്യൂഷൻ വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടില്ല. 

പാലാ ലിസ്യൂ കർമ്മലീത്ത കോൺവെന്‍റിലെ കന്യാസ്ത്രീയെ മോഷണശ്രമത്തിനിടെ സതീഷ് ബാബു കൊലപ്പെടുത്തിയെന്നാണ് കോടതി വ്യക്തമാക്കിയത്. ശിക്ഷ വിധി സംബന്ധിച്ച വാദത്തിൽ പ്രതിയെ ജീവിതാവസാനം വരെ ജയിലിലിടണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കന്യാസ്ത്രീയെ തലക്കടിച്ച ശേഷമാണ് പ്രതി ബലാത്സംഗം ചെയ്തത്. എന്നാൽ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടില്ല.

പ്രതിയുടെ പ്രായവും പ്രായമായ അച്ഛനമ്മമാരുടെ മകൻ എന്ന പരിഗണനയും വേണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷന്‍റെ വാദം. കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി തെളിഞ്ഞുവെന്നാണ് പാലാ സെഷൻസ് കോടതി ഇന്നലെ വ്യക്തമാക്കിയത്. എന്നാൽ, മോഷണക്കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. 2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി സതീഷ് ബാബു ഭരണങ്ങാനത്തെ മഠത്തിൽ മോഷണം നടത്തിയതിന് 6 വർഷം തടവ് അനുഭവിക്കുകയാണ്.