Asianet News MalayalamAsianet News Malayalam

കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നടത്തുന്നത് വ്യക്തിഹത്യ: സിസ്റ്റർ അനുപമ

കന്യാസ്ത്രീയുടെ ബലാൽസംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ആരോപണങ്ങൾ തള്ളി സിസ്റ്റർ അനുപമ. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നടത്തുന്നത് വ്യക്തിഹത്യയാണെന്ന് സിസ്റ്റർ അനുപമ ആരോപിച്ചു. ബിഷപ്പിനോട് കന്യാസ്ത്രീ 'നോ' പറഞ്ഞതാണ് ആരോപണത്തിന് പിന്നിലെന്നും എതിർപ്പ് കൂടിയതോടെയാണ് ബിഷപ്പ് കെട്ടുകഥകളുമായി രംഗത്തിറങ്ങിയതെന്നും സിസ്റ്റർ അനുപമ പറഞ്ഞു. 

sister anupama against jalandhar bishop franco mulakkal
Author
Kochi, First Published Sep 19, 2018, 5:35 PM IST

കൊച്ചി: കന്യാസ്ത്രീയുടെ ബലാൽസംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ആരോപണങ്ങൾ തള്ളി സിസ്റ്റർ അനുപമ. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നടത്തുന്നത് വ്യക്തിഹത്യയാണെന്ന് സിസ്റ്റർ അനുപമ ആരോപിച്ചു. ബിഷപ്പിനോട് കന്യാസ്ത്രീ 'നോ' പറഞ്ഞതാണ് ആരോപണത്തിന് പിന്നിലെന്നും എതിർപ്പ് കൂടിയതോടെയാണ് ബിഷപ്പ് കെട്ടുകഥകളുമായി രംഗത്തിറങ്ങിയതെന്നും സിസ്റ്റർ അനുപമ പറഞ്ഞു. ശരിയായ രീതിയിൽ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരുമെന്നും സിസ്റ്റർ അനുപമ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കന്യാസ്ത്രീയുടെ ബലാൽസംഗ പരാതിയില്‍ നിലപാടിലുറച്ച് നില്‍ക്കുകയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍‍. നിരപരാധിയെന്ന് ആവര്‍ത്തിച്ച ബിഷപ്പ്,  പരാതിക്കാരിയായ കന്യാസ്ത്രീക്ക് ദുരുദ്ദേശമെന്നും മൊഴി നല്‍കി. ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്ന് ബിഷപ്പിനോട് പൊലീസ് പറഞ്ഞു. 

കേസില്‍ ചോദ്യാവലി അനുസരിച്ചുള്ള ചോദ്യം ചെയ്യൽ തുടരുകയാണ്. കോട്ടയം എസ് പി ഹരിശങ്കറാണ് ചോദ്യം ചെയ്യുന്നത്. കൊച്ചി ഡി സിപിയും വൈക്കം ഡിവൈ എസ് പിയും ഒപ്പമുണ്ട്. ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീളാൻ സാധ്യതയെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ്  അത്യാവശ്യമായി വന്നാലുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് മെഡിക്കൽ സംഘവും ചോദ്യം ചെയ്യൽ കേന്ദ്രത്തിലുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ അറസ്റ്റ് കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.

രാവിലെ 11 മണിക്കാണ് ബിഷപ്പ് അന്വേഷണസംഘത്തിന് മുന്നിലെത്തിയത്. ചോദ്യം ചെയ്യലിന്‍റെ ആദ്യ ഘട്ടമായി ബിഷപ്പിന്‍റെ മൊഴിയെടുക്കുന്നത്. ആദ്യം ബിഷപ്പിന് പറയാനുള്ളത് കേള്‍ക്കും. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ഇല്ലാതാക്കാന്‍ പൊലീസ് നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ചോദിക്കും. ഈ സമയം ബിഷപ്പിന്‍റെ മുഖഭാവമടക്കമുള്ളവ ക്യാമറയില്‍ പകര്‍ത്തും. ചോദ്യം ചെയ്യല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തത്സമയം കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഐജിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ടത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലിനായി എത്തുക. തുടര്‍ന്നും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ മൂന്നാം ഘട്ടത്തില്‍ രണ്ടാം ഘട്ടത്തിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ തുടരും. നേരത്തെ കൊച്ചി റേഞ്ച് ഐജി വിജയ് സാഖറേയെയുമായി അന്വേഷണ സംഘവും കോട്ടയം എസ് പിയും ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലാണ് ചോദ്യം ചെയ്യലിന്‍റെ അന്തിമരൂപം തയ്യാറാക്കിയത്. 

അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളുള്ള മുറിയലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. മുറിയിൽ അ‍ഞ്ച് ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി എടുക്കുന്നത് പൂ‍‍ർണമായും ചിത്രീകരിക്കാനും മുഖഭാവങ്ങളടക്കമുള്ളവ പരിശോധിക്കാനുമാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ചോദ്യം ചെയ്യല്‍ പൂര്‍ണമായും ചിത്രീകരിക്കും. ചോദ്യം ചെയ്യല്‍ തത്സമയം മേലുദ്യോസ്ഥര്‍ക്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios